ബെംഗളൂരു : നഗരത്തിൽ കൂടുതൽ സൈക്കിൾ പാതകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നഗരത്തിലെ നാലുഭാഗങ്ങളെയും ബന്ധിപ്പിച്ച് സൈക്കിൾ പാതകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതിയോട് ഇണങ്ങിയ ഗതാഗത സംവിധാനമൊരുക്കുന്നതിൽ ബെംഗളൂരു മറ്റ് മെട്രോ നഗരങ്ങൾക്ക് മാതൃകയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് പിന്തുണയർപ്പിച്ച് യുവമോർച്ച സംഘടിപ്പിച്ച സൈക്ലത്തോൺ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന റോഡുകളോട് ചേർന്ന് നഗരത്തിൽ സൈക്കിൾ പാതകളുണ്ടെങ്കിലും പലയിടങ്ങളിലും ഇവയ്ക്ക് തുടർച്ചകളില്ലാത്ത സാഹചര്യമാണുള്ളത്. ഇടറോഡുകളിലേക്ക് കടക്കുമ്പോൾ സൈക്കിളിൽ സഞ്ചരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നേരത്തേ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ബോധവത്കരണത്തിന്റെ ഫലമായി ഒട്ടേറെപ്പേരാണ് മറ്റ് വാഹനങ്ങൾ ഉപേക്ഷിച്ച് സൈക്കിളുകൾ തിരഞ്ഞെടുത്തത്. ഐ.ടി. ജീവനക്കാർ മുതൽ സാധാരണ തൊഴിലാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്.

എന്നാൽ മുഴുവൻ പ്രദേശങ്ങളിലും സൈക്കിൾ പാതകളില്ലാത്തത് സൈക്കിളുപയോഗിക്കുന്നവർക്ക് ഭീഷണിയാകുകയാണ്. റോഡിലൂടെ സൈക്കിളുമായി യാത്രചെയ്യുമ്പോൾ അപകട സാധ്യത കൂടുതലാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളും ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. അതേസമയം സ്മാർട്ട് സിറ്റി പദ്ധതിയനുസരിച്ച് നവീകരിക്കുന്ന റോഡുകളിൽ സൈക്കിൾ പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈസൂരുവിൽ സൈക്കിൾ യാത്രയ്ക്ക്‌ പാതയൊരുക്കും

മൈസൂരു : സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പാതയൊരുക്കുന്ന 'സൈക്കിള് 4 ചേഞ്ച്' പദ്ധതി മൈസൂരുവിൽ നടപ്പാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടിന്റെ പദ്ധതി മൈസൂരു കോർപ്പറേഷനാണ് നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം റോഡരികിൽ 1.5 മീറ്റർ വീതിയുള്ള സ്ഥലം സൈക്കിൾ പാതയ്ക്കായി നീക്കിവെക്കും. ഈ പാതയിലൂടെ സൈക്കിൾ മാത്രമേ ഓടിക്കാവൂവെന്ന് പ്രത്യേകം അടയാളപ്പെടുത്തും.

ന്യൂ കന്തരാജ അരശ് റോഡ്, ജെ.എൽ.ബി. റോഡ്, കൃഷ്ണരാജ ബോളീവാഡ്, ചാമരാജഡബിൾ റോഡ്, രാധാകൃഷ്ണ അവന്യൂ, കോടതി സമുച്ചയം, മൈസൂരു സർവകലാശാല, മഹാരാജ കോളേജ്, മൈസൂരു നഗരവികസന അതോറിറ്റി ഓഫീസ്, സംഗീത സർവകലാശാല എന്നിവിടങ്ങളിലാണ് സൈക്കിൾ പാത സജ്ജീകരിക്കുക. പദ്ധതി നടപ്പാക്കാൻ കരാറുകാരെ ക്ഷണിച്ചുകൊണ്ട് കോർപ്പറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. സൈക്കിൾ പാത സജ്ജമാക്കുന്ന റോഡുകളിൽ കോർപ്പറേഷൻ അധികൃതർ പരിശോധന നടത്തിയിട്ടുണ്ട്. വിശദമായ പദ്ധതിരൂപരേഖയും തയ്യാറാക്കി. 10 വർഷം മുമ്പ് കരഞ്ചി തടാകത്തിന്റെ സമീപത്തുള്ള നരസിംഹരാജ ബോളീവാഡ് റോഡിലാണ് നഗരത്തിൽ ആദ്യമായി സൈക്കിൾ പാത വന്നത്.