ബെംഗളൂരു : റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെമേൽ ഓട്ടോ ഡ്രൈവർ പറന്നുവന്നുവീഴുന്നതിന്റെ വീഡിയോ ബെംഗളൂരുവിൽ നടന്ന സംഭവം.

സ്ഥലം എവിടെയെന്നു വ്യക്തമാക്കാതെ സാമൂഹികമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന വീഡിയോദൃശ്യത്തിലുള്ളത് ജൂലായ് 16-ന് ബെംഗളൂരു ടി.സി. പാളയയിൽ സംഭവിച്ച അപകടമാണ്.

രാവിലെ 11.30-ന് ഹോട്ടൽ ജീവനക്കാരി സുനിത റോഡരികിലൂടെ ഹോട്ടലിലേക്കു നടന്നുപോകുമ്പോൾ കുറച്ചുമാറി നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഡ്രൈവർ പറന്നുവന്ന് സുനിതയുടെമേൽ വീഴുന്നതാണ് വീഡിയോയിൽ ഉള്ളത്. എങ്ങനെയാണ് ഡ്രൈവർ പറന്നുവന്നുവീണതെന്ന് വ്യക്തമായിരുന്നില്ല. വഴിയരികിലെ കേബിൾ, ചക്രത്തിൽ കുരുങ്ങിയത് മാറ്റുകയായിരുന്നു ഡ്രൈവർ. ഇതിനിടെ വേഗത്തിലെത്തിയ മറ്റൊരു വാഹനം കേബിൾ വലിച്ചുകൊണ്ടുപോയപ്പോൾ ഡ്രൈവറും കേബിളിൽ കുരുങ്ങി പറന്നുപൊങ്ങുകയായിരുന്നു.

വീഴ്ചയിൽ പരിക്കേറ്റ സ്ത്രീക്ക് 52 തുന്നിക്കെട്ടുകൾ വേണ്ടിവന്നു. സംഭവം നടന്നയുടനെ സമീപത്ത് ജോലിചെയ്യുന്ന സുനിതയുടെ ഭർത്താവ് കൃഷ്ണമൂർത്തിയെത്തി ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവർക്ക് കാര്യമായി പരിക്കില്ല.