ബെംഗളൂരു : കർണാടകത്തിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി 5000 കടക്കുന്നു. സംസ്ഥാനത്ത് 5483 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികൾ 1,24,115 ആയി. ചികിത്സയിലുള്ള 84 പേർകൂടി മരിച്ചു. ഇതിൽ 20 മരണം ബെംഗളൂരുവിലാണ്. മരിച്ചവർ 2314 ആയി. 3130 പേർ പുതുതായി രോഗമുക്തി നേടി. ഒരുദിവസത്തെ ഏറ്റവും വലിയ കണക്കാണിത്.

ചികിത്സയിലുള്ള 72,005 പേരിൽ 609 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. ബെംഗളൂരുവിൽ പുതിയ രോഗികൾ 2000 കടക്കുകയാണ്. 2220 പേർക്കുകൂടി രോഗം കണ്ടെത്തി. രോഗികൾ 55,544 ആയി. 1113 പേർ പുതുതായി രോഗമുക്തിനേടി. 37,618 പേരാണ് ചികിത്സയിലുള്ളത്. 20 പേർകൂടി മരിച്ചതോടെ മരണം 1029 ആയി. ബല്ലാരി, ബെലഗാവി, ഉഡുപ്പി, ദക്ഷിണ കന്നഡ, മൈസൂരു എന്നിവിടങ്ങളിൽ രോഗികൾ കൂടുകയാണ്. ബല്ലാരിയിൽ 340 പേർക്കും ബെലഗാവിയിൽ 217 പേർക്കും ദക്ഷിണ കന്നഡയിൽ 204 പേർക്കും പുതുതായി രോഗം കണ്ടെത്തി. മൈസൂരുവിൽ 204 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 4217 ആയി. ദക്ഷിണ കന്നഡയിൽ രോഗികൾ കൂടുന്നതിനോടൊപ്പം മരണവും കൂടുകയാണ്. രോഗികൾ 5708 ആയി വർധിച്ചു. പത്തുപേർകൂടി മരിച്ചതോടെ ഇവിടെ മരണം 140 ആയി ഉയർന്നു.