തിരുവനന്തപുരം: രൂപയുടെ മൂല്യശോഷണം കാരണം സംസ്ഥാനത്തെ ബാങ്കുകളിലേക്ക് പ്രവാസിനിക്ഷേപത്തിന്റെ ഒഴുക്ക്.
ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ പ്രവാസിനിക്ഷേപത്തില്‍ 7746 കോടി രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വര്‍ധന വെറും 214 കോടി രൂപയായിരുന്നു.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ അവതരിപ്പിച്ച സ്ഥിതിവിവരപ്രകാരം ഈ വര്‍ഷം ജൂണ്‍ വരെ കേരളത്തിലെ വാണിജ്യബാങ്കുകളില്‍ ശേഷിക്കുന്ന പ്രവാസിനിക്ഷേപം 1.17 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലത്ത് 94,907 കോടി രൂപയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ ജൂണ്‍ വരെയുള്ള ഒരുവര്‍ഷത്തില്‍ പ്രവാസിനിക്ഷേപത്തില്‍ 23,252 കോടി രൂപയുടെ അഭൂതപൂര്‍വമായ വര്‍ധനയാണ് ഉണ്ടായത്.

രൂപയുടെ മൂല്യം വിദേശ കറന്‍സികളെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ നാട്ടിലേക്കയയ്ക്കുന്ന പണം രൂപയിലേക്ക് മാറുമ്പോള്‍ തുകയില്‍ വര്‍ധനയുണ്ടാവും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒരു ഡോളറിന് 63-64 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം കുറഞ്ഞിരുന്നു. ഈ മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായി. ഈ ആഗസ്തിലും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അതിനാല്‍ അടുത്ത പാദത്തിലും പ്രവാസിനിക്ഷേപത്തില്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് കൂടുതല്‍ നിക്ഷേപം കിട്ടുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, ഈ കാലയളവില്‍ കേരളത്തിലെ ബാങ്കുകളില്‍ ആഭ്യന്തരനിക്ഷേപം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ആഭ്യന്തരനിക്ഷേപം 4059 കോടി വര്‍ധിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതേ കാലയളവില്‍ 1127 കോടി മാത്രമാണ് വര്‍ധന. ഈ പാദത്തില്‍ മൊത്തം നിക്ഷേപം 8873 കോടി രൂപ വര്‍ധിച്ച് 3.29 ലക്ഷം കോടിയായി. എന്നാല്‍, വായ്പത്തുകയില്‍ 33 കോടി രൂപയുടെ നാമമാത്ര വര്‍ധനയാണ് ഉണ്ടായത്.

വായ്പാ-നിക്ഷേപ അനുപാതം 1.84 ശതമാനവും കാര്‍ഷിക വായ്പ 1.43 ശതമാനവും കുറഞ്ഞു. സ്വര്‍ണപ്പണയ വായ്പ കുറഞ്ഞതാണ് കാര്‍ഷികവായ്പ കുറയാനുള്ള കാരണമെന്ന് യോഗം വിലയിരുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവര്‍ക്കും ഭവനം പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജനയുടേതുമായി ഏകോപിപ്പിക്കാന്‍ സര്‍ക്കാരിന്റെയും ബാങ്കുകളുടെയും പ്രതിനിധികളുടെ സമിതി രൂപവത്കരിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം.

കാര്‍ഷികമേഖലയ്ക്ക് വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് മന്ത്രി കെ.എം.മാണി ആവശ്യപ്പെട്ടു. കാരുണ്യ ചികിത്സാസഹായപദ്ധതിക്ക് ബാങ്കുകള്‍ സംഭാവന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി കെ.സി.ജോസഫും സംസാരിച്ചു. കനറാ ബാങ്ക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പി.എസ്.റാവത്ത് അധ്യക്ഷത വഹിച്ചു. വകുപ്പ് സെക്രട്ടറിമാരായ സുബ്രതോ ബിശ്വാസ്, ഇന്ദര്‍ജിത് സിങ്, ഡോ.ഡബ്ല്യു.ആര്‍.റെഡ്ഡി, അശോക് കുമാര്‍ സിങ്, റിസര്‍വ് ബാങ്ക് മേഖലാ ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ് ടെങ്കില്‍, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എം.ജി.ഭട്ട്, എസ്.എല്‍.ബി.സി. കണ്‍വീനര്‍ എന്‍.ശിവശങ്കരന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ടി.വി.ദുരൈപാണ്ടി എന്നിവര്‍ പങ്കെടുത്തു.