ദോഹ: ലോകവുമായി ഖത്തറിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സൗദി സഖ്യത്തിന്റെ ഉപരോധം തടസ്സമല്ലെന്ന് സ്‌പെയിനിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ ജഹാം അല്‍ ഖുവാരി. അന്താരാഷ്ട്രനിയമങ്ങളും മനുഷ്യാവകാശങ്ങളും സൗദി സഖ്യം ലംഘിച്ചു. അടിസ്ഥാനരഹിതവും നിയമവിരുദ്ധവുമായ ഉപരോധത്തിനെതിരെ ഐക്യരാഷ്ട്രസഭ വ്യക്തമായ നിലപാട് സ്വീകരിച്ചതായും അദ്ദേഹം സ്​പാനിഷ് മാധ്യമമായ ഹോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. രാജ്യത്തിന്റെ ആഭ്യന്തര-വിദേശ നയങ്ങളില്‍ മാറ്റം വരുത്തുകയാണ് ഉപരോധത്തിന്റെ പിന്നിലെ യഥാര്‍ഥലക്ഷ്യം. ഖത്തറിനെ നിയന്ത്രിക്കാനുള്ള അധികാരം അവരുടെ കൈകളിലെത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും അല്‍ ഖുവാരി വെളിപ്പെടുത്തി.

സുതാര്യവും സഹിഷ്ണുത പുലര്‍ത്തുന്നതുമായ രാജ്യമായി ഖത്തര്‍ മാറുന്നതിനോട് അവര്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യായിരം സ്​പാനിഷ് പൗരന്മാരുള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, കായികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ 150-തിലധികം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് രാജ്യത്തുള്ളത്. രാജ്യത്തിനെതിരെ കെട്ടിചമച്ച ആരോപണങ്ങളാണ് സൗദി സഖ്യം പ്രചരിപ്പിക്കുന്നത്. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങളും സൗദി സഖ്യത്തിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. പതിനൊന്ന് അന്താരാഷ്ട്ര സര്‍വകലാശാലകളും ക്രിസ്ത്യന്‍ പള്ളികളും മോസ്‌കുകളുമെല്ലാമുള്ള രാജ്യമാണ് ഖത്തറെന്നും അദ്ദേഹം വിശദീകരിച്ചു.

സ്‌പെയിനില്‍ നിക്ഷേപത്തിനുള്ള സന്നദ്ധതയും അല്‍ ഖുവാരി അറിയിച്ചു. ഖത്തറി ഉദ്യോഗസ്ഥരുമായും കമ്പനി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താനായി സ്‌പെയിന്‍ അധികൃതരെ ദോഹയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അറബ് രാജ്യങ്ങളില്‍ നിന്നുള്ള 22 സ്ഥാനപതിമാരും സ്‌പെയിന്‍ നയതന്ത്രജ്ഞരുമായുള്ള യോഗം ഒക്ടോബര്‍ ഒമ്പതിന് സ്‌പെയിനില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വികസനം, നിക്ഷേപം എന്നിവ സംബന്ധിച്ചുള്ള വിഷയങ്ങളാണ് ചര്‍ച്ചയിലുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.