പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന പരിശോധന യൂണിറ്റും അകത്തെ സജ്ജീകരണങ്ങളുംദോഹ: പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്റെ (പി.എച്ച്.സി.സി.) സഞ്ചരിക്കുന്ന പരിശോധന യൂണിറ്റിന്റെ പ്രവര്‍ത്തനം ഒരുവര്‍ഷം പൂര്‍ത്തിയായി.

പി.എച്ച്.സി.സിയുടെ ദേശീയ സ്തന-ഉദര അര്‍ബുദ പരിശോധനാ പദ്ധതിയായ സ്‌ക്രീന്‍ ഫോര്‍ ലൈഫ് പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റാണ്. രോഗം നേരത്തേ തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യമെങ്ങുമുള്ള ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ യൂണിറ്റിന്റെ പങ്ക് വളരെവലുതാണ്. സ്‌ക്രീന്‍ ഫോര്‍ ലൈഫ് പദ്ധതിയിലൂടെ പരിശോധനയ്ക്ക് ആസ്​പത്രികളില്‍ എത്താന്‍ കഴിയാത്തവര്‍ക്കായാണ് സഞ്ചരിക്കുന്ന പരിശോധന യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ അല്‍ വഖ്ര, ലിബൈബ്, റൗദത്ത് അല്‍ ഖെയ്ല്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് സ്തന-ഉദര അര്‍ബുദ പരിശോധനാ സൗകര്യമുള്ളത്. ശീതീകരണ സംവിധാനത്തോടുകൂടിയ അത്യാധുനിക ഉപകരണങ്ങളും സജ്ജീകരണങ്ങളുമാണ് വാഹനത്തിലുള്ളത്. സ്തന പരിശോധനയാണ് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റില്‍ നടക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ വനിതാ ജീവനക്കാരാണ് യൂണിറ്റിലുള്ളത്. സ്ത്രീകളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടാണ് സ്തനാര്‍ബുദ പരിശോധന നടത്തുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ള സ്ത്രീകള്‍ക്കായി വീല്‍ച്ചെയര്‍ സൗകര്യവും സഞ്ചരിക്കുന്ന ക്ലിനിക്കിലുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പൊതു, സ്വകാര്യ മേഖലകളിലും വ്യത്യസ്ത ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെല്ലാം പരിശോധനാ ക്ലിനിക്ക് സന്ദര്‍ശനം നടത്തിയിരുന്നു. ഖത്തര്‍ ദേശീയ ദിനത്തിലും ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ സ്തനാര്‍ബുദ സമ്മേളനത്തിലും അല്‍ഖോര്‍ ഹൗസിങ് കമ്യൂണിറ്റിയിലുമെല്ലാം പരിശോധനാ ക്ലിനിക്ക് സ്തന-ഉദര ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സൗജന്യ പരിശോധനയ്‌ക്കൊപ്പം വിശദമായ ബോധവത്കരണവും നടത്തുന്നുണ്ട്.