മസ്കറ്റ് : ഒമാനിലെ  ഇബ്രിക്കടുത്ത് ഫഹൂദിൽ ബസും ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. പതിനാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മസ്കറ്റിൽ നിന്ന് മുന്നൂറ്്‌ കി. മീറ്റർ അകലെ ഇബ്രി ഫഹൂദ് റോഡിൽ വാദി അസ്‌വദിൽ പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.     പരിക്കേറ്റവരെ നിസ്‌‌‌‌‌‌‌‌‌വ, ബഹല, ഇബ്രി എന്നിവിടങ്ങളിലെ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. സലാലയിൽനിന്ന് ദുബായിലേക്ക് പോവുകയായിരുന്ന ഗൾഫ് ട്രാൻസ്പോർട്ട് കമ്പനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ മലയാളികളോ ഇന്ത്യക്കാരോ ഉൾപ്പെട്ടതായി വിവരമില്ല.    രണ്ട്‌ പാകിസ്താൻ സ്വദേശികളുടെയും ഒരു ചൈന സ്വദേശിയുടെയും യെമൻ സ്വദേശിയുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരിച്ചറിയാൻ ബാക്കിയുള്ള  -1മറ്റു മൃതദേഹങ്ങൾ  ഇബ്രി  ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോയൽ ഒമാൻ പോലീസ് ഹെലികോപ്ടറിലാണ് പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിച്ചത്. പോലീസിനൊപ്പം പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനിലെ ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. യാത്രക്കാരുടെ വിശദവിവരങ്ങൾ പൂർണമായി ലഭ്യമല്ല. ഫഹൂദ് നൈത് റൗണ്ട് എബൗട്ടിനു സമീപമാണ് ബസ്സും ട്രക്കും കൂട്ടിയിടിച്ചത്. തൊട്ടുമുന്നിൽ  നടന്ന അപകടം കണ്ട്  നിയന്ത്രണം നഷ്ടപ്പെട്ട ഒരു കാറും അതിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് ലെഫ്. കേണൽ ഹിലാൽ അൽ ദാവൂദി അറിയിച്ചു.  യാത്രയ്ക്കിടയിൽ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ  വാഹനം നിർത്തിയിടുകയും  ക്ഷീണം അകറ്റുകയും വേണമെന്ന് റോയൽ ഒമാൻ പോലീസ് ഓർമിപ്പിച്ചു.