ക്വാലാലംപുര്‍: മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ദേശീയോദ്ഗ്രഥനത്തിനും സൗഹൃദത്തിനുമായുള്ള മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കാര്യാലയം, മഅദിന്‍ അക്കാദമി (കേരളം) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങി. ക്വാലാലംപൂര്‍ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറും ഹാര്‍മണി കോണ്‍ഫറന്‍സ് പാട്രണുമായ ഡോ. സലീഹ ഖമറുദ്ദീനാണ് പുരസ്‌കാരം നല്‍കിയത്. 

സാമൂഹിക സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കായുള്ള അഞ്ചാമത് അവാര്‍ഡാണിതെന്ന് അവര്‍ പറഞ്ഞു. (യു.എ.ഇ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മുബാറക് അല്‍ നഹ്യാന്‍, കുവൈത്ത് മതകാര്യവിഭാഗം അണ്ടര്‍ സെകട്ടറി ഡോ. ആദില്‍ ഫലാഹ്, സൗദിയിലെ ദല്ലാ ബാറക മേധാവി യാസിര്‍ അബ്ദു യമാനി, ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലി എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ മലേഷ്യന്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി അവാര്‍ഡുകള്‍ നല്‍കിയത്. 

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ദേശീയോദ്ഗ്രഥന കാര്യാലയം ഡയറക്ടര്‍ ജനറല്‍ ഗണ്ഡേഷന്‍ എ. ലച്ചുമനന്‍, മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും മഅദിന്‍ അക്കാദമി ഡയറക്ടറുമായ ഡോ. കെ.കെ.എന്‍. കുറുപ്പ്, ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതിയുടെ മലേഷ്യ, സിംഗപ്പൂര്‍, ബ്രുമെണയ്ക്ക് പ്രതിനിധി മിഷെല്‍ മഗ്‌ഡൊണൊ, യു.എന്‍ മനുഷ്യാവകാശ പദ്ധതി പ്രതിനിധി അല്‍വ ബറുണ്‍, മുന്‍ മലേഷ്യന്‍ മന്ത്രിയും ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ ദാത്തുസെരി ഉത്തമ റഈസ് യത്തീം തുടങ്ങിയവരും അവാര്‍ഡ്ദാനച്ചടങ്ങില്‍ സംബന്ധിച്ചു. 

120 രാജ്യങ്ങളില്‍ നിന്നുള്ള 30,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയില്‍ നിന്ന് ഈ ഉന്നത പുരസ്‌ക്കാരത്തിനര്‍ഹമായതില്‍ അതീവചാരിതാര്‍ഥ്യമുണ്ടെന്ന് സിദ്ദീഖ് അഹമ്മദ് മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ജീവകാരുണ്യരംഗത്തെ തന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും മാര്‍ഗദര്‍ശി തന്റെ മാതാവാണെന്ന ആമുഖത്തോടെ ആരംഭിച്ച ഡോ. സിദ്ദീഖ് അഹമ്മദ്, അന്താരാഷ്ട്ര ഐക്യത്തിനും സഹിഷ്ണുതയ്ക്കുമായുള്ള സെമിനാര്‍ വേദിയില്‍ പുരസ്‌കാരം വാങ്ങുകയെന്നത് അഭിമാനകരമാണ് എന്ന് പറഞ്ഞു. മലേഷ്യന്‍ ജനതയുടെ മതപരമായ ഐക്യവും സൗഹാര്‍ദ്ദവും ലോകത്തിനാകെ മാതൃകയാണെന്നും മതത്തിന്റെ പേരില്‍ കലഹങ്ങള്‍ വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ ഗുണപരമായ കാര്യങ്ങള്‍ ചെയ്യാനും ഈ മേഖലയില്‍ ഇന്ത്യ -മലേഷ്യ സഹകരണം ഉറപ്പ് വരുത്താനും ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് സാധിക്കട്ടെയെന്നും ഡോ. സിദ്ദീഖ് അഹമ്മദ് ആശംസിച്ചു. ആധുനിക കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത അധ്യാപകര്‍ ഇന്ത്യയിലേറെയുണ്ടെന്നും പുതിയ തല മുറയിലെ വിദ്യാര്‍ഥികളില്‍ ഏറെയും അധ്യാപകരെക്കാള്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടവരാണെന്നും സിദ്ദീഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. കാലഘട്ടത്തിന് അനുസൃതമായി സിലബസ് രീതികളില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി റെക്ടര്‍ ഡോ. അബ്ദുല്‍ അസീസ് ബെര്‍ഗൂത്ത് സ്വാഗതം പറഞ്ഞു.