ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഞായറാഴ്ച കാലത്ത് ദുബായില്‍ ചേരും.
എമിറേറ്റ്‌സ് ടവറില്‍ കാലത്ത് 11 മണിക്കാരംഭിക്കുന്ന യോഗം സ്മാര്‍ട്ട്‌സിറ്റിയുടെ ഉദ്ഘാടനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കും. പദ്ധതിയുടെ പുരോഗതിയുടെ അവലോകനവും ഉണ്ടാവും.
സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫസ്, ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായവകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യന്‍, മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും.
സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തിന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ക്ഷണിച്ചിരുന്നു. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകും.