അബുദാബി: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഓര്‍ഡര്‍ ഓഫ് 'ദി മദര്‍ ഓഫ് ദി നേഷന്‍' പുരസ്‌കാരം നല്‍കി ആദരിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനില്‍നിന്ന് ദുബായ് ഭരണാധികാരി പുരസ്‌കാരം സ്വീകരിച്ചു.
 
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിലൂടെ ശൈഖ് മുഹമ്മദ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണ്‍ ശൈഖ് ഫാത്തിമ ബിന്‍ മുബാറഖിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങില്‍ ശൈഖ് ഫാത്തിമ ബിന്‍ മുബാറഖ് അറബ് യൂത്ത് ഇന്റര്‍നാഷണല്‍ പുരസ്‌കാരം, ഫാമിലി ഹൗസ് പുരസ്‌കാരം എന്നിവയും സമ്മാനിച്ചു.

രാഷ്ട്രപിതാവ് ശൈഖ് സായിദ് മുന്നോട്ടുെവച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് താന്‍ നടപ്പാക്കുന്നതെന്നും പുരസ്‌കാരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്​പീക്കര്‍ അമാല്‍ അബ്ദുല്ല അല്‍ ഖുബൈസി എന്നിവരും വിവിധ എമിറേറ്റുകളിലെയും വകുപ്പുകളിലെയും ഭരണാധികാരികളും മന്ത്രിമാരും പങ്കെടുത്തു.