ദുബായ്: ഇന്ത്യന്‍ വംശജനായ പതിന്നാലുകാരന്‍ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റുമാരില്‍ ഒരാളായി. ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മന്‍സൂര്‍ അനിസാണ് ഈ നേട്ടത്തിന് ഉടമയായത്. കഴിഞ്ഞയാഴ്ച കാനഡയിലെ ഏവിയേഷന്‍ അക്കാദമിയിലായിരുന്നു മന്‍സൂര്‍ ആദ്യമായി ഒറ്റയ്ക്ക് വിമാനം പറത്തിയത്. അഞ്ചുമിനിറ്റായിരുന്നു പറക്കല്‍. വിമാനം പറത്തുന്നതിന് കാനഡയിലുള്ള യോഗ്യതാപരീക്ഷ 96 ശതമാനം മാര്‍ക്കോടെ പാസായെന്നും മന്‍സൂര്‍ പറഞ്ഞു.

സിവില്‍ എന്‍ജിനീയറാണ് മന്‍സൂറിന്റെ പിതാവ് അനിസ്. മാതാവ് മുനീറ അധ്യാപികയാണ്. യു.എസ്., യു.കെ. എന്നിവിടങ്ങളില്‍ വിമാനം പറത്തുന്നതിനുള്ള കുറഞ്ഞപ്രായം 16 വയസ്സാണ്. ഇന്ത്യയിലും യു.എ.ഇ.യിലും പതിനെട്ടും. കാനഡയില്‍ പക്ഷേ, 14 വയസ്സുമതി. ഇതാണ് കുട്ടിയെ കാനഡയില്‍ അയച്ചതിനുകാരണമെന്ന് അനിസ് പറഞ്ഞു.