ചെന്നൈ: രാജ്യത്ത് ബുദ്ധ വിഹാരങ്ങള്‍ തകര്‍ത്ത് നിര്‍മിച്ച ഹൈന്ദവ ക്ഷേത്രങ്ങള്‍ പൊളിച്ച് പഴയപടി ബുദ്ധ വിഹാരങ്ങളാക്കണമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വി.സി.കെ.) നേതാവ് തിരുമാവളവന്‍. തിരുപ്പതിയിലും ശ്രീരംഗത്തുമുള്ള ക്ഷേത്രങ്ങളടക്കം നിര്‍മിച്ചത് ബുദ്ധ വിഹാരങ്ങള്‍ തകര്‍ത്തിട്ടാണ്. ഈ ക്ഷേത്രങ്ങള്‍ പൊളിച്ച് വീണ്ടും ബുദ്ധ ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് പ്രമുഖ ദളിത് നേതാവായ തിരുമാവളവന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ അദ്ദേഹം ഇത് നിഷേധിച്ചു.

ബുദ്ധ വിഹാരങ്ങള്‍ തകര്‍ത്ത് അവയുടെ സ്ഥാനത്ത് ക്ഷേത്രങ്ങള്‍ നിര്‍മിച്ചുവെന്നത് ചരിത്രമാണ്. പല പഠനങ്ങളും ഇതേക്കുറിച്ച് നടന്നിട്ടുണ്ട്. ഇക്കാര്യമാണ് താന്‍ പറഞ്ഞത്. കുറച്ച് വൈകാരികമായി പ്രസംഗിച്ചുവെന്നല്ലാതെ ക്ഷേത്രം തകര്‍ക്കാന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തിരുമാവളവന്‍ പ്രതികരിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന കരിദിനാചരണത്തില്‍ പ്രസംഗിക്കുമ്പോഴാണ് തിരുമാവളവന്റെ വിവാദ പ്രസ്താവന.

ബി.ജെ.പി.യും തമിഴ്നാട്ടിലെ ഹൈന്ദവ സംഘടനകളും തിരുമാവളവനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു. തിരുമാവളവനെതിരേ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്.രാജ പറഞ്ഞു. തിരുമാവളവനെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുമക്കള്‍ കക്ഷി ആവശ്യപ്പെട്ടു. ബി.ജെ.പി.ക്കും ഹൈന്ദവ സംഘടനകള്‍ക്കും എതിരേശക്തമായി പ്രതികരിക്കാറുള്ള തിരുമാവളവന്‍ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.