മനാമ: ജാതി-മത ഭേദമന്യെ മനുഷ്യ സമൂഹത്തിന്‍രെ എല്ലാ നല്ല കാര്യങ്ങളിലും വിശ്വാസികള്‍ സഹായികളായി വര്‍ത്തിക്കണമെന്നും മനുഷ്യരെ തമ്മിലടിപ്പിക്കുന്നതിനു പകരം പരസ്പരം അടുപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഉസ്താദ് നവാസ് മന്നാനി പനവൂര്‍.  മനാമ പാകിസ്ഥാന്‍ ക്ലബ്ബില്‍ ആരംഭിച്ച സമസ്ത ഗുദൈബിയ ഘടകത്തിന്റെ ചതുര്‍ദിന പ്രഭാഷണ പരന്പരയുടെ രണ്ടാം ദിവസം 'പരിഭ്രാന്തിയോടെ പരലോകത്തേക്ക്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തഖ് വയിലും നന്മയിലും പരസ്പരം സഹായിക്കണമെന്നും ശത്രുതയിലും തെറ്റിലും സഹായിക്കരുതെന്നും നബിതിരുമേനി(സ) വിശ്വാസികളോട് അരുളിയിട്ടുണ്ട്. മത ചിന്തകള്‍ക്കതീതമായി ജീവകാരണ്യപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അന്യരുടെ ന്യൂനതകള്‍ ആരും പരസ്യമാക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ഭൗതിക ലോകത്ത് മറ്റൊരാളില്‍ നാം കണ്ട ഒരു ന്യൂനത മറച്ചു വെച്ചാല്‍ നമ്മുടെ ന്യൂനതകള്‍ അല്ലാഹുവും മറച്ചുവെക്കുമെന്ന് തിരുനബി(സ) അരുളിയിട്ടുണ്ടെന്നും പരലോകത്ത് നന്മ-തിന്മകള്‍ എഴുതിയ രേഖകള്‍ പരസ്യമാക്കുന്ന സാഹചര്യത്തില്‍ നമ്മുടെ തെറ്റുകളെ അല്ലാഹു പരസ്യപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭയ ഭക്തിയോടെയുള്ള പ്രാര്‍ത്ഥന കൊണ്ടും ധര്‍മ്മാനുഷ്ഠാനം കൊണ്ടും ദൈവിക നിശ്ചയങ്ങളെ പോലും മാറ്റിയെടുക്കാന്‍ ഒരു വിശ്വാസിക്കു കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. അര്‍ദ്ധരാത്രിവരെ നീണ്ടു നിന്ന പ്രഭാഷണം സയ്യിദ് ഹുസൈന്‍ അല്‍ അസ്ഹരി കാങ്കോല്‍ തങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടപ്രാര്‍ത്ഥനയോടെയാണ് സമാപിച്ചത്. പ്രഭാഷണ പരിപാടിയുടെ രണ്ടാം ദിനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ചടങ്ങില്‍ അശ്‌റഫ് കാട്ടില്‍ പീടിക അധ്യക്ഷത വഹിച്ചു. ശഹീര്‍ കാട്ടാമ്പള്ളി, എ.പി.ഫൈസല്‍ വില്ല്യാപ്ഫള്ളി എന്നിവര്‍ ആശംസാപ്രഭാഷണം നടത്തി. അലദ് അമീന്‍ ഖിറാഅത്ത് അവതരിപ്പിച്ചു. പ്രഥമ ദിനത്തിലെ പ്രഭാഷണ സിഡിയുടെ പ്രകാശനം ഹുസൈന്‍ കാപ്പാടിന് നല്‍കി മഹ് മൂദ് മാട്ടൂല്‍ നിര്‍വഹിച്ചു. പ്രഭാഷകനുള്ള മൊമന്റൊ സമര്‍പ്പണം നൂറൂദ്ധീന്‍ മുണ്ടേരിയും ഷാള്‍ അണിയിച്ചുള്ള ആദരിക്കല്‍ അബ്ദുറഹ് മാന്‍ ഹാജിയും നിര്‍വഹിച്ചു. അബ്ദുറഹ് മാന്‍ മാട്ടൂല്‍ സ്വാഗതവും സഈദ് ഇരിങ്ങല്‍ നന്ദിയും പറഞ്ഞു. സമസ്തയുടെ പ്രഭാഷണ പരമ്പരയുടെ ഭാഗമായി രണ്ടു ദിവസം ഹാഫിള് അഹ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം ബഹ്‌റൈന്‍ കേരളീയ സമാജം ഹാളില്‍ രാത്രി.8.മണിക്ക് നടക്കും. പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.