നെടുമ്പാശ്ശേരി: യാത്രക്കാരുടെ എണ്ണം കൂടിയാല്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍  എയര്‍ ഇന്ത്യ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പി. അശോക് ഗജപതി രാജു. 
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയിട്ടുള്ള സോളാര്‍ വൈദ്യുത പദ്ധതി നേരില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഏവിയേഷന്‍ നയം പണിപ്പുരയിലാണ്. 
പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും ഇത് നടപ്പില്‍ വരുത്തുക. വിമാനയാത്രാ നിരക്കുകള്‍ അമിതമായി വര്‍ധിപ്പിക്കുന്നുവെന്ന ആക്ഷേപം രാജ്യസഭയില്‍ ചില അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തെ യാത്രാ നിരക്കുകള്‍ പരിശോധിച്ചപ്പോള്‍ വളരെ കുറച്ചു സമയങ്ങളില്‍ മാത്രമാണ്  നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

             രാജ്യത്തെ വിമാനക്കമ്പനികളില്‍ ബഹുഭൂരിപക്ഷത്തിനും കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തന നഷ്ടമുണ്ട്. അതുകൊണ്ടാണ് ഇന്ധന വില കുറഞ്ഞിട്ടും കാര്യമായി യാത്രാ നിരക്ക് കുറയ്ക്കാന്‍ കഴിയാത്തത്. 
എന്നാലും അമിതമായ രീതിയിലുള്ള നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് വിമാനക്കമ്പനികളോട് നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

        വിമാനത്താവളങ്ങള്‍ക്ക് ഹബ്ബ് എന്ന നിലയ്ക്ക് പ്രത്യേകമായി പദവി നല്‍കാനാവില്ല. കൊച്ചി മികച്ച വിമാനത്താവളമാണ്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചിക്ക് നാലാം സ്ഥാനവുമുണ്ട്.
 കൂടുതല്‍ വിമാനങ്ങളെ ആകര്‍ഷിക്കാനാകും വിധത്തില്‍ കൊച്ചി മാറുമ്പോള്‍ ഹബ്ബ് പദവി താനെ വന്നുചേരും അദ്ദേഹം പറഞ്ഞു.