മസ്‌കറ്റ്: ഷോപ്പിങ്ങിനിടയിലെ അപ്രതീക്ഷിതമായ ഓണാഘോഷം പ്രവാസി മലയാളികള്‍ക്ക് ദൃശ്യവിരുന്നായി. ഒമാനില്‍ ആദ്യമായിട്ടാണ് പുരുഷന്മാരുടെ തിരുവാതിര ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത്. അതും മാളിലെ തിരക്കേറിയ ദിനത്തില്‍ അവിചാരിതമായി നടന്ന ഈ കലാരൂപം നിറഞ്ഞ കരഘോഷത്തോടെ കാണികള്‍ നെഞ്ചിലേറ്റി.

ഒമാനിലെ ഏറ്റവും വലിയ മലയാളി ഫെയ്‌സ്ബുക്ക് കൂട്ടായ്മ ആയ മസ്‌കറ്റ് മലയാളീസിലെ കുറച്ചംഗങ്ങള്‍ ജോലിതിരക്കിനിടയില്‍ സമയം കണ്ടെത്തി ഒരാഴ്ചയിലധികം പരിശീലനം നടത്തിയിട്ടാണ് ഇങ്ങനെയൊരു ഫ്ലഷ് മോബ് രൂപത്തില്‍ ഈ ദൃശ്യാവിഷ്‌കാരം നടത്തി പ്രവാസികളെ വീണ്ടും വിസ്മയത്തിലാക്കിയത്. വ്യത്യസ്തമായ രീതിയില്‍ ഇരുപത്തിഅഞ്ചില്‍പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച തിരുവാതിരക്കളിക്ക് മൊബേലയിലുള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് വേദിയായി.