ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കോവിഡ്-19 പടർന്നതോടെ അന്താരാഷ്ട്ര വിമാനക്കമ്പനികളും ആശങ്കയിലായി. ഒട്ടേറെ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പല വിമാനക്കമ്പനികളും റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തു. ദുബായ് ആസ്ഥാനമായുള്ള ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻസ് സ്വമേധയാ ലീവെടുക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇ-മെയിൽ സന്ദേശത്തിലൂടെയാണ് ജീവനക്കാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. അതേസമയം, അവധിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാർക്കുണ്ടെന്നും കമ്പനി അറിയിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് എയർലൈൻസിന് 21,000 ക്യാബിൻ ക്രൂ, 4000 പൈലറ്റുമാർ എന്നിവരുൾപ്പെടെ ഒരു ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. കോവിഡ്-19 പ്രത്യാഘാതങ്ങളാണ് കമ്പനി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധി.

കോവിഡ്-19 പടർന്നുപിടിച്ചതോടെ ഇറാനിലേക്കും ബെയ്ജിങ് ഒഴികെ ചൈനയിലെ മറ്റുനഗരങ്ങളിലേക്കുമുള്ള എല്ലാ വിമാനങ്ങളും എമിറേറ്റ്‌സ് റദ്ദാക്കിയിരുന്നു. 2019-ലെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ചൈന, ഹോങ്‌കോങ് എന്നിവിടങ്ങളിൽ നിന്നുള്ള 36,81,896 പേരാണ് ദുബായ് വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത്.

സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ, ഇതുവരെ ഒരാൾക്കും രോഗബാധ സ്ഥിരീകരിക്കാത്ത സൗദി മുൻകരുതൽ നടപടികളുടെ ഭാഗമായി ഉംറ തീർഥാടനം നിർത്തിവെച്ചിട്ടുണ്ട്. രോഗബാധയില്ലാത്ത രാജ്യങ്ങളിലെ സന്ദർശകർക്ക് വിലക്കില്ലെങ്കിലും വിമാനത്താവളങ്ങളിൽ കർശനമായ പരിശോധനയുണ്ട്.