ഷാർജ: ശനി, ഞായർ ദിവസങ്ങളിൽ യു.എ.ഇ.യിൽ അനുഭവപ്പെട്ട ശക്തമായ മൂടൽമഞ്ഞ് കാരണം വിമാനസർവീസുകൾ താളംതെറ്റി. ഷാർജ, ദുബായ് വിമാനത്താവളങ്ങളിൽ രാവിലെ ഇറങ്ങേണ്ട പല വിമാനവും മഞ്ഞുമൂലം മണിക്കൂറുകൾ വൈകിയാണ്‌ ഇറങ്ങിയത്.

കേരളത്തിൽനിന്നുള്ള യാത്രക്കാർ പലരും ശനിയാഴ്ച വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്കുവരേണ്ട യാത്രക്കാർ ശനിയാഴ്ച വൈകീട്ടെത്തിയെങ്കിലും ഞായറാഴ്ച രാവിലെയാണ് വിമാനങ്ങൾ പലതും പുറപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്നരയ്ക്ക് കോഴിക്കോട്ടുനിന്ന് ഷാർജയിലേക്ക് പറക്കേണ്ട എയർഅറേബ്യ മൂന്നുമണിക്കൂർ വൈകി. കൂടാതെ എയർഇന്ത്യ കോഴിക്കോട്-ദുബായ്, ഷാർജ-കോഴിക്കോട് എന്നീ സർവീസുകളും വൈകി.