ദോഹ: അഫ്ഗാൻ, അമേരിക്കൻ നയതന്ത്ര പ്രതിനിധികൾക്കൊപ്പം യു.എൻ., ഇന്ത്യ, പാക് പ്രതിനിധികളും താലിബാനുമായുള്ള ചർച്ചയിൽ പങ്കാളികളായിരുന്നു. അഫ്ഗാനിസ്താനുമായി അടുത്ത ബന്ധമുള്ള രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യ ചടങ്ങിൽ പങ്കെടുത്തത്. ഖത്തർ ഭരണകൂടമാണ് ഇന്ത്യയെ ക്ഷണിച്ചത്. താലിബാൻ പ്രതിനിധി പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര സഹകരണവേദിയിൽ ഇന്ത്യ ആദ്യമായാണ് പങ്കെടുക്കുന്നത്. നേരത്തെ താലിബാൻ അധികാരത്തിൽ ഉണ്ടായിരുന്ന കാലത്തും ഇന്ത്യ താലിബാനെ അംഗീകരിച്ചിരുന്നില്ല. താലിബാനോട് ഇന്ത്യ ഇതുവരെ കൈകൊണ്ട നയത്തിൽ നിന്നും രണ്ടാം മോദി സർക്കാർ വ്യതിചലിക്കുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ നടപടി. പുതിയ സമാധാന ഉടമ്പടി അഫ്ഗാനിസ്താൻ മേഖലയിൽ ഭീകരവാദ ശക്തികൾ തിരിച്ചുവരുന്നതിന് കാരണമാകരുത് എന്ന് ഇന്ത്യ അമേരിക്കയെ നിലപാട് അറിയിച്ചിട്ടുണ്ട്.