ജിദ്ദ: കൊറോണ പ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) അംഗരാജ്യങ്ങളിലെ പൗരൻമാർക്ക് മക്ക, മദീന സന്ദർശനത്തിന് സൗദി താത്കാലിക വിലക്കേർപ്പെടുത്തി.

സൗദി വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് (എസ്.പി.എ.) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം ഇപ്പോൾ സൗദിയ്ക്കകത്തുള്ള ജി.സി.സി. പൗരൻമാർക്ക് മക്കയിൽ ചെന്ന് ഉംറ കർമം നിർവഹിക്കുന്നതിനും മദീന സിയാറത്തിനും തടസ്സമില്ല. തുടർച്ചയായി 14 ദിവസം സൗദിയിലുള്ള കോവിഡ്-19 ലക്ഷണങ്ങളില്ലാത്തവർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനായി ജി.സി.സി. പൗരൻമാർ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അനുമതി തേടേണ്ടത്. വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് സൗദി സൂക്ഷ്മനിരീക്ഷണം നടത്തിവരികയാണ്.