ദുബായ്: യു.എ.ഇ.യിൽ രണ്ടുപേർക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ഫിലിപ്പീൻസ് സ്വദേശിക്കും ഒരു ചൈനക്കാരനുമാണ് പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇതോടെ യു.എ.ഇ.യിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ സിറ്റിയിൽനിന്ന് എത്തിയ നാലംഗ ചൈനീസ് കുടുംബത്തിനാണ് ആദ്യമായി രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. പിന്നീട് ഒരു ചൈനാ പൗരനുകൂടി ബാധിച്ചതായി കണ്ടെത്തി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് ബാധയുണ്ടോ എന്നറിയാൻ വിമാനത്താവളങ്ങളിലും ആശുപത്രികളിലും അത്യാധുനിക സംവിധാനങ്ങൾ രാജ്യത്തുടനീളം സജ്ജമാക്കിയിട്ടുണ്ട്.
കുട്ടികളിൽ വൈറസ് ബാധയില്ല
സ്കൂൾവിദ്യാർഥികളിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് (അഡെക്) അറിയിച്ചു. വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായാണ് അഡെക് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ അണുബാധയുടെ ലക്ഷണങ്ങൾ കുട്ടികൾ കാണിക്കുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണമെന്നും അഡെക് രക്ഷിതാക്കൾക്ക് നിർദേശം നൽകി. കുട്ടിക്ക് പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ കണ്ടാൽ ഡോക്ടറെ സമീപിക്കാനും മുൻകരുതൽ നടപടിയെന്ന നിലയിൽ കുട്ടി സുഖമായിരിക്കുന്നതുവരെ വീട്ടിൽ പരിചരിക്കാനും അഡെക് പുറത്തിറക്കിയ ലഘുലേഖയിൽ വ്യക്തമാക്കി.
ലുലു ജീവനക്കാർ സുരക്ഷിതർ
കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ചൈനയിലും ഹോങ്‌കോങ്ങിലുമുള്ള ലുലു ഗ്രൂപ്പിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ ഇരുനൂറിലധികം ഇന്ത്യക്കാരായ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ്‌കോങ്ങിലുമായുള്ളത്. ചെയർമാൻ എം.എ. യൂസഫലിയുടെ പ്രത്യേക നിർദേശപ്രകാരം ഇവർക്കാവശ്യമായ മാസ്ക് അടക്കമുള്ള എല്ലാ സംരക്ഷിതകവചങ്ങളും എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും മീഡിയ വിഭാഗം അറിയിച്ചു. ജീവനക്കാരുമായി അബുദാബിയിൽ നിന്ന് നിരന്തര സമ്പർക്കം പുലർത്തുന്നുമുണ്ട്.