മക്ക: പ്രവാചക ജീവിതചരിത്രവും ഇസ്‌ലാമിക നാഗരികതയും പ്രദർശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മക്കയിൽ സ്ഥിരം പ്രദർശനകേന്ദ്രവും അന്താരാഷ്ട്ര മ്യൂസിയവും നിർമിക്കുന്നതിനായി വേൾഡ് ഇസ്ലാമിക് ലീഗും (റാബിത) ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയും ധാരണയായി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ അമീർ ഖാലിദ് ഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മ്യൂസിയം നിർമാണത്തിനായി വാദി മക്ക ടെക്‌നോളജി കമ്പനിയെ പ്രതിനിധാനം ചെയ്താണ് ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റി കരാറിൽ ഒപ്പുവെച്ചത്. അൽ ഫൈസലിയ്യ പ്രോജക്ടിന്റെ ഭാഗമായാണ് മ്യൂസിയവും പ്രദർശനകേന്ദ്രവും നിർമിക്കുന്നത്. റാബിതയെ പ്രതിനിധാനം ചെയ്ത് ജനറൽ സെക്രട്ടറി ശൈഖ് ഡോ. മുഹമ്മദ് അൽ ഈസ, വാദി മക്ക ടെക്‌നോളജി കമ്പനി ഡയറക്ടറും ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റി മാനേജരുമായ ഡോ. അബ്ദുല്ല ബാഫീലുമാണ് കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്.
പ്രവാചക ജീവിതചരിത്രം പ്രചരിപ്പിക്കുക, പ്രവാചകനെ പരിചയപ്പെടുത്തുക, ഇസ്‌ലാമിന്റെ ശരിയായ മുഖം എന്താണെന്ന് വ്യക്തമാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് മക്കയിലെ ആബിദിയ്യയിൽ ലോകോത്തര നിലവാരമുള്ള സ്ഥിരം എക്സിബിഷൻ സെന്ററും മ്യൂസിയവും വരുന്നത്. ’ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് മ്യൂസിയം ഫോർ പ്രോഫറ്റ് ബയോഗ്രഫി ആൻഡ് ഇസ്‌ലാമിക് സിവിലൈസേഷൻ (പ്രവാചക ജീവചരിത്രവും ഇസ്‌ലാമിക നാഗരികതയ്ക്കുമുള്ള അന്തർദേശീയ എക്സിബിഷൻ ആൻഡ് മ്യൂസിയം)’ എന്ന പേരിലാണ് പ്രദർശനകേന്ദ്രവും മ്യുസിയവും വരുന്നത്. പ്രവാചകരുടെ മാതൃകാജീവിതവും സന്ദേശവും ഉൾക്കൊള്ളുന്ന ഇസ്‌ലാമിന്റെ നന്മയെ പ്രചരിപ്പിക്കുകയും ബോധവത്‌കരണം നടത്തുകയും ചെയ്യുന്നതിനും ഈ സെന്റർ സഹായകമാവും. ആധുനിക സാങ്കേതികസംവിധാനം വഴി തന്ത്രപരമായും നൂതനമാർഗങ്ങൾ സ്വീകരിച്ചുമായിരിക്കും എക്സിബിഷൻ സെന്ററും മ്യൂസിയവും പ്രവർത്തിക്കുന്നത്.
ഖുർആനും തിരുചര്യയും പ്രചരിപ്പിക്കുന്നതിൽ സൗദി അറേബ്യയുടെ ശ്രമങ്ങളും ഭരണാധികാരികളുടെ പിന്തുണയും പ്രകടിപ്പിക്കുന്നതിനും ഈ സെന്റർ കാരണമാവും. കരാർപ്രകാരം വാദി മക്ക ടെക്‌നോളജി കമ്പനിക്ക് മ്യൂസിയവും എക്സിബിഷൻ സെന്ററും അനുബന്ധ പ്രവർത്തനങ്ങൾ നിർമിക്കുന്നതിനുള്ള അനുയോജ്യമായ ഭൂമിയും താത്‌കാലികമായി ഒന്നാംഘട്ട ഉദ്ഘാടനത്തിനുള്ള സ്ഥലവും ലഭിക്കുകയും നിർമാണപ്രവർത്തനവുമായി കമ്പനി മുന്നോട്ടുപോവുകയും ചെയ്യും.