മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ്) സാഹിത്യ വിഭാഗത്തിന്റെ മലയാള കവിതാപുരസ്‌കാരം പ്രഖ്യാപിച്ചു. ബഹ്‌റൈൻ പ്രവാസിയായ ആദർശ് മാധവൻകുട്ടിയുടെ ‘ഭ്രമണം’ എന്ന കവിതയ്ക്കാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം സിബി ഇലവുപാലത്തിന്റെ ‘ഒറ്റയ്ക്കൊരു കുപ്പിവള പൊട്ടുമ്പോൾ’ എന്ന കവിതയ്ക്കും മൂന്നാംസ്ഥാനം മനു കാരയാടിന്റെ ‘ഭൂപടങ്ങളിൽ ചോര പൊടിയുന്നു’ എന്ന കവിതയ്ക്കും ലഭിച്ചു. അഞ്ചു വർഷമായി ബഹ്‌റൈൻ മൈക്രോ സെന്ററിൽ പ്രൊജക്ട് മാനേജരാണ് ആദർശ്. ലക്ഷ്മിയാണ് ഭാര്യ. മാനവ് ഏകമകനും.

ജൂറിയുടെ പ്രത്യേക പുരസ്‌കാരം ഡോ. ജിഷ ജ്യോതിഷിന്റെ ഓർമ്മപൂക്കൾ, മായാ കിരണിന്റെ ജനറേഷൻഗ്യാപ് എന്നീ കവിതകൾക്ക് ലഭിച്ചതായും അസോസിയേഷൻ പ്രസിഡന്റ് പമ്പാവാസൻ നായർ, ജനറൽ സെക്രട്ടറി മനോജ്കുമാർ എന്നിവർ അറിയിച്ചു.

ഒന്നാംസ്ഥാനം ലഭിച്ച കവിതയ്ക്ക് പതിനായിരത്തിയൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 15-ന് സമ്മാനിക്കും. കേരള കാത്തലിക്‌ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ മന്ദാരപ്പൂക്കൾ ബാലകലോത്സവം ഫിനാലേ വേദിയിലാണ് പുരസ്കാരം സമ്മാനിക്കുക. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥി ആയിരിക്കും.