കുവൈത്ത് സിറ്റി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള (ഐ.എസ്.) മൂന്നുവര്‍ഷത്തെ യുദ്ധത്തില്‍ തകര്‍ന്ന രാജ്യം പുനര്‍നിര്‍മിക്കാന്‍ ഏകദേശം 9000 കോടി ഡോളര്‍ (5.8 ലക്ഷം കോടി രൂപ) വേണ്ടിവരുമെന്ന് ഇറാഖ്. കുവൈത്തില്‍ നടക്കുന്ന മൂന്നുദിവസത്തെ 'അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളന'ത്തിലാണ് ഇറാഖ് ആസൂത്രണമന്ത്രി സല്‍മാന്‍ ജുനൈല്‍ ഇക്കാര്യം പറഞ്ഞത്. യുദ്ധത്തില്‍ തകര്‍ന്ന വീടുകള്‍, സ്‌കൂളുകള്‍, ആസ്​പത്രികള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്രസഹായം തേടിയുള്ളതാണ് സമ്മേളനം.

2014 മധ്യത്തിലാണ് ഐ.എസ്. ഇറാഖിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തത്. ഡിസംബറില്‍ ഭീകരരെ തുരത്തി ഇവിടം തിരിച്ചുപിടിച്ചതായി ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സമ്മേളനത്തിന്റെ ആദ്യദിനം വിവിധ സന്നദ്ധസംഘടനകള്‍ 33 കോടി ഡോളറിന്റെ (2123 കോടി രൂപ) സഹായം വാഗ്ദാനം ചെയ്തു. 1.38 ലക്ഷം വീടുകള്‍ തകര്‍ന്നെന്നും 25 ലക്ഷം ഇറാഖികള്‍ അഭയമില്ലാതെ കഴിയുകയാണെന്നും മന്ത്രി ജുനൈല്‍ പറഞ്ഞു. 14 ആസ്​പത്രികളും 170 ആരോഗ്യസേവനകേന്ദ്രങ്ങളും തകര്‍ന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇവയും എണ്ണയുത്പാദനസംവിധാനവും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള രാജ്യമാണ് ഇറാഖ്. ഇത് 15300 കോടി വീപ്പ വരുമെന്നാണ് ഇറാഖിന്റെ കണക്ക്.ബാഗ്ദാദി ജീവിച്ചിരിക്കുന്നു
ബാഗ്ദാദ്:
ഐ.എസ്. തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്നും വ്യോമാക്രമണത്തില്‍ പരിക്കേറ്റതിനാല്‍ സിറിയയിലെ ആസ്​പത്രിയില്‍ ചികിത്സയിലാണെന്നും ഇറാഖ് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. സിറിയയുടെ വടക്കുകിഴക്കുള്ള ജിസീറയിലാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന് ഇറാഖിന്റെ രഹസ്യാന്വേഷണ-ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലവന്‍ അബു അലി അല്‍ ബസ്രിയെ ഉദ്ധരിച്ച് അസ്-സബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഐ.എസിലുള്ളവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും ബസ്രി പറഞ്ഞു.

സിറിയയിലെ റാഖയ്ക്കു സമീപം നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ജൂണില്‍ സിറിയ അവകാശപ്പെട്ടിരുന്നു. ഇയാള്‍ മരിച്ചിട്ടില്ലെന്നും സിറിയയിലെ യൂഫ്രട്ടീസ് താഴ്വരയില്‍ ഒളിവില്‍ കഴിയുകയാണെന്നും യു.എസ്. സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.