ഇസ്!ലാമാബാദ്: ആദ്യഭാര്യയുടെ അനുമതിയില്ലാതെ രണ്ടാം വിവാഹം ചെയ്ത യുവാവിന് പാകിസ്താന്‍ കോടതി ജയില്‍ശിക്ഷ വിധിച്ചു. ആറു മാസത്തെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പാകിസ്താന്റെ ചരിത്രത്തിലാദ്യമായാണ് സ്ത്രീപക്ഷത്തുനിന്നുള്ള ഇത്തരമൊരു വിധിയുണ്ടാകുന്നത്.

തന്റെ അറിവോ സമ്മതമോ കൂടാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ഭര്‍ത്താവ് ഷഹസാദ് സാദിഖിന്റെ പേരില്‍ അയിഷ ബീവിയെന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലഹോര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. 2015-ലെ കുടുംബ നിയമപ്രകാരമാണ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അലി ജവാദ് നഖ്!വി വിധി പറഞ്ഞത്.

ആദ്യഭാര്യയുടെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണെന്ന് അയിഷ പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ സമ്മതം ആവശ്യമില്ലെന്നും നാല് വിവാഹം കഴിക്കാന്‍ ഇസ്!ലാംമതം അനുവദിക്കുന്നുണ്ടെന്നുമുള്ള ഷഹസാദിന്റെ വാദം കോടതി തള്ളി.

ഭര്‍ത്താവ് പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭാര്യ അനുമതി എഴുതി നല്‍കണമെന്ന വ്യവസ്ഥയെ ഇസ്!ലാമിക നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‍കുന്ന കൗണ്‍സില്‍ ഓഫ് ഇസ്!ലാമിക് ഐഡിയോളജി (സി.ഐ.ഐ) വിമര്‍ശിച്ചിരുന്നു.

കോടതിവിധിയെ സ്ത്രീപക്ഷ

സംഘടനകള്‍ സ്വാഗതം ചെയ്തു.