ഹൂസ്റ്റണ്‍: യു.എസിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ചു. മലയാളികളായ വെസ്ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. കുടുംബത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് സംസ്‌കാരച്ചടങ്ങുകള്‍ നടന്ന സ്ഥലത്തിന്റെ വിവരം പുറത്തുവിട്ടിട്ടില്ല.

ഷെറിന്റെ വളര്‍ത്തമ്മ സിനിയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തെന്ന് ഇവരുടെ അഭിഭാഷകരായ മിഷേല്‍ നോള്‍ട്ടും ഗ്രെഗ് ഗിബ്ബ്‌സും അറിയിച്ചു. മൃതദേഹപരിശോധനയ്ക്കുശേഷം കഴിഞ്ഞദിവസമാണ് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തത്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെത്തിയ കലുങ്ക് ഷെറിന്റെ സ്മാരകമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

ഒക്ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്ന് ഷെറിനെ കാണാതായത്. വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കില്‍നിന്ന് 22-ന് മൃതദേഹം കണ്ടെത്തി. പാലുകുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ രാത്രി വീടിന് പുറത്ത് നിര്‍ത്തിയെന്നും തുടര്‍ന്ന് കാണാതായെന്നുമായിരുന്നു വെസ്ലി മാത്യൂസ് ആദ്യം പോലീസിനോട് പറഞ്ഞത്. മൃതദേഹം കണ്ടെത്തിയതോടെ കുറ്റം സമ്മതിച്ച വെസ്ലിയെ പോലീസ് അറസ്റ്റുചെയ്തു. ജീവപര്യന്തംവരെ തടവു ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.