മുംബൈ: മുംബൈയിൽ കോവിഡ് രൂക്ഷമായ ഘട്ടത്തിൽ അഭിനയം ഉപേക്ഷിച്ച് നഴ്‌സിന്റെ കുപ്പായമണിഞ്ഞ ബോളിവുഡ് താരം ശിഖ മൽഹോത്ര ഇപ്പോൾ പക്ഷാഘാതത്തിനു ചികിത്സയിലാണ്. നഴ്‌സിന്റെ സേവനവുമായി മുന്നോട്ടുപോകവെ ഒക്ടോബർ മാസത്തിൽ കോവിഡ് ശിഖയെയും പിടികൂടിയിരുന്നു. ഏകദേശം ഒരുമാസത്തെ ചികിത്സയ്ക്കു ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാവുകയായിരുന്നു.

വിലെ പാർലെയിലെ കൂപ്പർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് നടി. 2014-ൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളേജിൽനിന്ന് നഴ്‌സിങ്ങിൽ ബിരുദം നേടിയ ശിഖ അഭിനയത്തോട് താത്‌കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തു വരികയായിരുന്നു. സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇൻ എ സ്ലൗ എന്ന സിനിമയിൽ പ്രധാന വേഷംചെയ്താണ് ശിഖ ശ്രദ്ധ നേടുന്നത്. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്‌സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും വേഷമിട്ടു. സിനിമയിൽ എത്തുന്നതിനുമുൻപ് ഡൽഹിയിലെ സഫ്ദർജങ്‌ ആശുപത്രിയിൽ അഞ്ചു വർഷം നഴ്സായി സേവനമനുഷ്ഠിച്ചിരുന്നു. ശിഖ പക്ഷാഘാതത്തിന് ചികിത്സതേടിയ വിവരം അവരുടെ മുൻമാനേജർ അശ്വിനി ശുക്ലയാണ് പുറത്തുവിട്ടത്.