മെല്‍ബണ്‍: അരോരുമില്ലാതെ, അന്തിയുറങ്ങാന്‍ അഭയമില്ലാതെ കഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന 'ദൈവദാന്‍' സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഡിസംബര്‍ മാസത്തില്‍ രൂപതാംഗങ്ങള്‍ തങ്ങളുടെ പരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി വരുന്നു. പാലാ രൂപത വൈദികനായിരുന്ന അബ്രഹാം കൈപ്പന്‍ പ്ലാക്കലച്ചനാല്‍ സ്ഥാപിതമായ ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ മലയാറ്റൂര്‍, കാഞ്ഞൂര്‍, വടക്കാഞ്ചേരി, കോളയാട്, തങ്കമണി തുടങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൈവദാന്‍ സ്ഥാപനങ്ങളിലെ 800 ഓളം വരുന്ന അന്തേവാസികളെ സഹായിക്കുവാനാണ് ഈ വര്‍ഷം ''ഉണ്ണീശോയ്‌ക്കൊരഭയം'' പദ്ധതിയിലൂടെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ലക്ഷ്യമിടുന്നത്. ഡിസംബര്‍ മാസത്തിലെ ഓരോ ദിവസവും ചെറിയ ത്യാഗങ്ങളിലൂടെ മാറ്റിവെക്കുന്ന ചെറിയ സമ്പാദ്യം, ഉണ്ണീശോയ്ക്കുള്ള സമ്മാനമായി ക്രിസ്മസ് ദിവസം ദേവാലയങ്ങളില്‍ കൊണ്ടുവരികയും ക്രിസ്മസ് കുര്‍ബാനക്കിടയില്‍ അത് സമര്‍പ്പിക്കുകയും ചെയ്യും. ഈശോയുടെ നാമത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ കുഞ്ഞുമക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പദ്ധതിയോട്  സഹകരിക്കണമെന്ന് മാതാപിതാക്കളോട് മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് അവസരത്തില്‍ ''ഉണ്ണീശോയ്‌ക്കൊരൂണ്'' എന്ന പദ്ധതിയിലൂടെ ലഭിച്ച 21,44,000 രൂപ കോട്ടയത്തെ പി.വി.തോമസിന്റെ നവജീവന്‍ ട്രസ്റ്റിന് നല്‍കി.

ഈശോയെ നമ്മുടെ ജീവിതത്തില്‍ നിരന്തരം കണ്ടുമുട്ടാനും ഈശോയുടെ സ്‌നേഹത്തിന്റെ സുവിശേഷമാധുരി അനുസ്യൂതം അനുഭവിക്കാനും ഈശോയുടെ സൗഹൃദവലയത്തിലേക്ക് മറ്റുള്ളവരെ സ്വീകരിക്കാനുമുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയായ ക്രിസ്മസ് സമാധാനത്തോടും സന്തോഷത്തോടും കൂടി ആഘോഷിക്കുവാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.

വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍