ബ്രിസ്ബെന്‍: വേള്‍ഡ് മദര്‍ വിഷന്റെ ഇരുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യമത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാതൃഭാഷ പ്രചാരണത്തിനുംസന്ദേശ ചലച്ചിത്ര-ടെലിവിഷന്‍-നിര്‍മ്മാണ-പ്രദര്‍ശനത്തിനും മലയാളിയുടെ തനതായ മൂല്യബോധവും സാംസ്‌കാരിക പെരുമയും ദൃശ്യവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും  കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കംഗാരു വിഷനുമായി സഹകരിച്ചുകൊണ്ടാണ് സാഹിത്യമത്സരം നടത്തുന്നത്. വേള്‍ഡ് മദര്‍ വിഷന്റെ മാര്‍ഗദീപമായ കണിയാംപറമ്പില്‍ മേരി മാത്യുവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡിന് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാം.

കവിത, ഗാന രചന, ചെറുകഥ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. കവിത 30 വരികളിലും ഗാനം 12വരികളിലുംകൂടരുത്. ചെറുകഥ പരമാവധി 3  പേജിലും കവിയരുത്. കാലാവസ്ഥ വ്യതിയാനം, അവയവദാനം, പ്ലാസ്റ്റിക് വിമുക്ത ലോകം, പരിസര മലിനീകരണം, ശുചിത്വം, കോവിഡ് കാലം സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍, മാതൃഭാഷ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയാണ് വിഷയങ്ങള്‍.
കേരളത്തിലെ കവികളും ചലച്ചിത്രകാരന്മാരും ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 3 ഗാനരചനയ്ക്കും 3 കവിതകള്‍ക്കും 3ചെറുകഥകള്‍ക്കും പുരസ്‌കാരം നല്‍കി ആദരിക്കുന്നതിന് പുറമെ ക്യാഷ് പ്രൈസും ലഭിക്കും. പ്രസിദ്ധീകരണയോഗ്യമായ എല്ലാ കവിതകളും ഗാന രചനയും കഥകളും കംഗാരു വിഷന്റെ ഫെയ്സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ കൂടുതല്‍ പ്രേക്ഷക അഭിപ്രായമുള്ള കഥയ്ക്കും ഗാനരചനയ്ക്കുംകവിതയ്ക്കും പ്രത്യേക സമ്മാനവും നല്‍കും.
മദര്‍ വിഷനും കംഗാരു വിഷനും സംയുക്തമായി കേരളത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് മലയാള സാഹിത്യ -ചലച്ചിത്ര -സംഗീത- പത്ര ദൃശ്യ മാധ്യമ നിയമ രാഷ്ട്രീയ രംഗത്തെ പ്രശസ്തരുടെയുംപൊതു ജീവിതത്തിലെ സമുന്നതരുടേയും സാന്നിധ്യത്തില്‍ മത്സര വിജയികള്‍ക്ക് പുരസ്‌കാരം നല്‍കും. സൃഷ്ടികള്‍ ഏപ്രില്‍ 30 ന് മുമ്പായി kangaroovisionau@gmail.comഎന്ന ഇ-മെയിലിലോ 0061470564668 എന്ന വാട്സ് ആപ്പിലോ അയയ്‌ക്കേണ്ടതാണ്.