ടോക്യോ: മലയാളി മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യരായ ഭിന്നശേഷിയുള്ള കുട്ടികളുടെ മാന്ത്രികപ്രകടനമായ വിസ്മയ സാന്ത്വനം ശിശുദിനത്തില്‍ ഓണ്‍ലൈനായി ജപ്പാനില്‍ അരങ്ങേറും. 550 ലേറെ പേര്‍ അംഗങ്ങളായുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജപ്പാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഓട്ടിസവും സെറിബ്രല്‍ പാള്‍സിയും ബാധിച്ച കുട്ടികളെ ആറുമാസത്തെ പരിശീലനത്തിലൂടെയാണ് മുതുകാട് മാന്ത്രികരാക്കിയിരിക്കുന്നത്.

ഉപരാഷ്ട്രപതി, ഗവര്‍ണര്‍, മുഖ്യമന്ത്രി, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവരുടെ മുന്നിലും 45 മിനിറ്റോളമുള്ള ഇവരുടെ പ്രകടനം അവതരിപ്പിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് ജപ്പാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു പരിപാടി ഓണ്‍ലൈനായി നടത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.

വേള്‍ഡ് മലയാളി ഫോറം ജപ്പാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുനീഷ് പാറക്കല്‍, ജനറല്‍ സെക്രട്ടറി വിവിന്‍ മോഹന്‍, നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബിജു പോള്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. 

വാര്‍ത്തയും ഫോട്ടോയും : സതീഷ്