ബ്രിസ്ബേന്‍: കൈരളി ബ്രിസ്ബേനിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യന്തം വാശിയേറിയ വടംവലി മത്സരം 2018 മാര്‍ച്ച് 10 ന് രാവിലെ 9.30 മുതല്‍ അകേഷിയ റിഡ്ജ് സ്‌കൂള്‍ മൈതാനിയില്‍ വെച്ച് നടത്തപ്പെടുന്നു. തുടര്‍ച്ചയായ 9-ാം തവണയാണ് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി  ബ്രിസ്ബേന്‍ ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
 
മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന ടീമിന് കൈരളി എവര്‍റോളിംഗ് ട്രോഫിയും 1501 ഡോളര്‍ കാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സമ്മാനാര്‍ഹരാകുന്ന ടീമിന് 751 ഡോളറും സമ്മാനമായി ലഭിക്കുമെന്ന് കമ്മിറ്റിക്കാര്‍ അറിയിച്ചു.

വടംവലിയോടൊപ്പം തന്നെ 16 വയസ്സില്‍ താഴെയുള്ളവരുടെ സോക്കര്‍ ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളോടനുബന്ധിച്ച് ഫെയിസ് പെയിന്റിംഗും കുട്ടികള്‍ക്കായി ജംപിംഗ് കാസിലും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. നിരവധി ഫുഡ് സ്റ്റാളുകള്‍ അന്നേ ദിവസം പ്രവര്‍ത്തിക്കുന്നതാണെന്നും ഈ കായിക മാമാങ്കം ഒരു വന്‍ വിജയമാക്കണമെന്നും സെക്രട്ടറി അറിയിക്കുന്നു.

വാര്‍ത്ത അയച്ചത് : റ്റോം ജോസഫ്