ഹോബാര്‍ട്ട്: കുടിയേറ്റ രാജ്യമായ ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തു ആദ്യമായി കുടിയേറിയ മലയാളികളില്‍ ഒരാളും മികച്ച സംഘാടകനും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായ രമേശ് നാരായണനും കുടുംബത്തിനും ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളി സമൂഹം. കൊല്ലം മയ്യനാട് വയലില്‍ വീട് സ്വദേശിയാണ്. നൂറു കണക്കിന് ശിഷ്യ സമ്പത്തിന് ഉടമകള്‍ കൂടിയാണ് രമേശ് - രാജശ്രീ ദമ്പതികള്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ടാസ്മാനിയന്‍ സര്‍വ്വകലാശാലയില്‍ അസറ്റ് മാനേജ്മെന്റ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. വിശ്രമജീവിതത്തിനായി സിഡ്നിയിലേക്ക് പോകുന്നതിനെ തുടര്‍ന്നാണ് ഹോബാര്‍ട്ട് വിടുന്നത്.

ടാസ്മാനിയയില്‍ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രം പണികഴിപ്പിച്ചത് രമേശ് നാരായണന്റെ  നേതൃത്വത്തിലായിരുന്നു. ടാസ്മാനിയന്‍ ഹിന്ദു സോസൈറ്റി, ഇന്ത്യന്‍ കള്‍ച്ചറല്‍ സോസൈറ്റി മലയാളി അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളുടെ ശില്‍പികളില്‍ പ്രഥമ സ്ഥാനീയനാണ്.

ടാസ്മാനിയയിലെ വിവിധ കുടിയേറ്റ വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും അക്ഷീണം പ്രവര്‍ത്തിച്ച അദ്ദേഹം സംസ്ഥാനത്തെ തമിഴ് തെലുങ്ക് സമൂഹങ്ങള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയിരുന്നു. 

വിദ്യാഭ്യാസ വിദഗ്ദയായ ഭാര്യ രാജശ്രീ ടാസ്മാനിയയിലെ ഇന്ത്യന്‍ കുടിയേറ്റ കുടുബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായ് പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു.

ഡോ.ദേവിക രമേശ്, ഡോ.ഗോപിക രമേശ് എന്നിവരാണ് മക്കള്‍. വിവിധ മലയാളി സമൂഹങ്ങളെ പ്രതിനിധീകരിച്ചു സോജന്‍ ജോസഫ് പരതം മാക്കില്‍ ഛായാചിത്രം ഉപഹാരമായി നല്‍കി.