ബ്രിസ്ബെയ്ന്‍: ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മന:പാഠമാലപിക്കുന്ന ലോകസമാധാനം ലക്ഷ്യമിട്ടുള്ള 'സല്യൂട്ട് ദി നേഷന്‍സ് ' എന്ന രാജ്യാന്തര ഇവന്റിന് തുടക്കം കുറിച്ച് പുതിയ, വേറിട്ട ലോക റെക്കോര്‍ഡിനുള്ള തയാറെടുപ്പിലാണ് ബ്രിസ്ബെയ്നിലെ മലയാളി സഹോദരിമാരായ തെരേസ ജോയിയും ആഗ്നസ് ജോയിയും.

യുഎന്‍ ലോക സമാധാന ദിനമായി ആചരിക്കുന്ന സെപ്റ്റംബര്‍ 21ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ സിറ്റിയിലുള്ള സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ തുടര്‍ച്ചയായ ആറു മണിക്കൂര്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലെ 193 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ മന:പാഠമായി പാടിക്കൊണ്ടാണ് 'സല്യൂട്ട് ദി നേഷന്‍സ്' എന്ന രാജ്യാന്തര ഇവന്റിന് തുടക്കമിട്ട് ചേര്‍ത്തല സ്വദേശികളായ സഹോദരിമാര്‍ പുതിയ ലോക റെക്കോര്‍ഡിലേക്ക് പ്രവേശിക്കുന്നത്. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനം സ്ഫുടതയോടെ, കൃത്യതയോടെ സമഗ്രമായി മന:പാഠം പാടുന്നവര്‍, ലോകത്തില്‍ ആദ്യമായി നൂറിലധികം വരുന്ന അന്താരാഷ്ട്ര ഭാഷകളില്‍ ദേശീയഗാനം പാടുന്നവര്‍ തുടങ്ങിയ റെക്കോര്‍ഡുകള്‍ ഈ മലയാളി സഹോദരിമാര്‍ക്ക് ലഭിക്കും. വിവിധ ലോക റെക്കോര്‍ഡ് അധികൃതരുടെ സാന്നിധ്യത്തിലാണ് ദേശീയ ഗാനങ്ങള്‍ ആലപിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്ട്രേലിയ ആണ് ആഗ്‌നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്റെ സഹകരണത്തില്‍ സല്യൂട്ട് ദി നേഷന്‍സ് പരിപാടി സംഘടിപ്പിക്കുന്നത്.

ആഗോള തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ സല്യൂട്ട് ദി നേഷന്‍സ് പ്രോഗ്രാമിലൂടെ ദേശീയഗാനങ്ങള്‍ ആലപിച്ച് അതിലൂടെ ലഭിക്കുന്ന തുക യുഎന്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍, വ്യക്തികള്‍, ചൂഷണത്തിന്റെ ഇരകളായ കുട്ടികള്‍, കൗമാരക്കാര്‍ എന്നിവര്‍ക്കും സ്ത്രീ സുരക്ഷയ്ക്കും നല്‍കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്. ക്യൂന്‍സ്ലാന്‍ഡിലെ പാര്‍ലമെന്റില്‍ സ്പീക്കര്‍ കേര്‍ട്ടിസ് പിറ്റ് ആണ് സല്യൂട്ട് ദി നേഷന്‍സ് പ്രോഗ്രാമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനവും രാജ്യാന്തര ഭാഷകളും അവയുടെ ചരിത്രവും സാഹചര്യങ്ങളും അര്‍ത്ഥവും ശൈലിയും പ്രത്യേകതകളും ആഴത്തില്‍ മനസിലാക്കി ദേശീയഗാനങ്ങള്‍ മന:പാഠമാക്കാന്‍ തെരേസയ്ക്കും ആഗ്നസിനും നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഓസ്ട്രേലിയന്‍ സിനിമാ മേഖലയില്‍ സജീവമായ സംവിധായകനും എഴുത്തുകാരനുമായ ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശ്ശേരി കുടുംബാംഗമായ ജോയ്.കെ.മാത്യുവിന്റെയും ഓസ്ട്രേലിയയില്‍ നഴ്സായ ജാക്വിലിന്റെയും മക്കളാണിവര്‍. സഹജീവി സ്നേഹത്തിന്റെയും നന്മയുടെയും പാതയിലൂടെ മക്കളെ കൈപിടിച്ചുയര്‍ത്തിയ പിതാവ് ജോയ്.കെ.മാത്യുവാണ് ഇരുവരുടെയും കരുത്തും വഴികാട്ടിയും. പിതാവിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും അമ്മയുടെ പിന്തുണയിലുമാണ് നീണ്ട ഒന്‍പതു വര്‍ഷത്തെ പ്രയത്നം ഇരുവരും വിജയത്തിലെത്തിച്ചത്.

ഐക്യരാഷ്ട്രസഭ ഓസ്‌ട്രേലിയന്‍ അസോസിയേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയെന്ന ബഹുമതി കഴിഞ്ഞ വര്‍ഷം തെരേസ ജോയി സ്വന്തമാക്കിയിരുന്നു. അസോസിയേഷന്റെ എര്‍ത്ത് ചാര്‍ട്ടറിന്റെ സഹ-അധ്യക്ഷ കൂടിയായ തെരേസ ക്യൂന്‍സ് ലാന്‍ഡിലെ ഗ്രിഫിത് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ക്രിമിനോളജി-സൈക്കോളജി വിദ്യാര്‍ഥിനിയാണ്. കാലംവെയില്‍ കമ്യൂണിറ്റി കോളേജിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഗ്‌നസ്. ഇരുവരും ചേര്‍ന്ന് രൂപീകരിച്ച ആഗ്നസ് ആന്‍ഡ് പീസ് ഫൗണ്ടേഷന്‍ മാനസികാരോഗ്യമുള്ള യുവതലമുറയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സ്‌കൂള്‍ കാലം മുതല്‍ക്കേ യുഎന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇരുവരും സജീവമാണ്. പഠനത്തെയും സേവന പ്രവര്‍ത്തനങ്ങളെയും ബാധിക്കാതെയാണ് ചെറുപ്രായത്തില്‍ ഇരുവരും ദേശീയഗാനങ്ങളെക്കുറിച്ചുളള ഗവേഷണം പൂര്‍ത്തിയാക്കി അവ മന:പാഠമാക്കി ലോക സമാധാന ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ലക്ഷ്യമിട്ട് മലയാളികള്‍ക്ക് അഭിമാനമായി മാറുന്നത്.