ബ്രിസ്ബെയ്ന്‍. ക്യൂന്‍സ് ലാന്റ് സര്‍ക്കാരിന്റെ മ്യൂസിക് ഫെസ്റ്റിവലില്‍ പിയാനോയുമായി മലയാളി വനിത. ബ്രിസ്ബെയ്നില്‍ രജിസ്ട്രേഡ് നഴ്സ് ആയ തൊടുപുഴ സ്വദേശിനി ഗീത അനിലിനാണ് പിയാനോ വായിക്കാന്‍ അവസരം ലഭിച്ചത്. മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി ബ്രിസ്ബെയ്ന്‍ സിറ്റി കൗണ്‍സിലിന്റെ പ്ലേ മീ അയാം യുവേഴ്സ് എന്ന പദ്ധതിയിലാണ് ഗീത പങ്കാളിയായത്. പദ്ധതിയുടെ ഭാഗമായി വിവിധ കലാകാരന്മാരുടെ  20 സ്ട്രീറ്റ് പിയാനോകളാണ് ബ്രിസ്ബെയ്നില്‍ ഉടനീളം സ്ഥാപിക്കുന്നത്.

 കഴിഞ്ഞ ദിവസമാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മലയാളത്തിന്റെ ഭാഷയും സംസ്‌കാരവും കലയും സമന്വയിപ്പിച്ചുകൊണ്ടുള്ള വര്‍ണമിഴിവാണ് ഗീത പിയാനോയില്‍ വരച്ചത്. ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്റെ പ്രതിനിധിയായാണ് ഗീതയ്ക്ക് അവസരം ലഭിച്ചത്. പദ്ധതിയിലെ ഏക ഇന്ത്യക്കാരിയും ഗീതയാണ്. റിഥം എന്നു പേരിട്ട ഗീതയുടെ പിയാനോ ബ്രിസ്ബെയ്ന്‍ സിറ്റിയുടെ ഹൃദയഭാഗമായ സൗത്ത് ബാങ്കിലെ റെഡ് നോട്ട് കഫേയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ജൂലൈ 5 മുതല്‍ 28 വരെയാണ് മ്യൂസിക് ഫെസ്റ്റിവല്‍. ഓരോ 2 വര്‍ഷം കൂടുമ്പോഴാണ് മ്യൂസിക് ഫെസ്റ്റിവല്‍ നടത്തുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്ലേ മീ അയാം യുവേഴ്സ് പദ്ധതിക്ക് 2008 ല്‍ ബ്രിട്ടീഷ് കലാകാരനായ ലുക്ക് ജെറോം ആണ് രൂപം നല്‍കിയത്.

 ചിത്രരചന, പാചകം, തയ്യല്‍, സിനിമ തുടങ്ങി ഒട്ടേറെ രംഗത്ത് ഗീത സജീവമാണ്. മികച്ച യുട്യൂബറായ ഗീതയുടെ ജീസ് പാഷന്‍സ് എന്ന യുട്യൂബ് ചാനലിനും ആരാധകരേറെയാണ്. കവിയും എഴുത്തുകാരനുമായ അനിലാണ് ഭര്‍ത്താവ്. മക്കള്‍ ആദിത്യ, അദ്വൈത്, അമേയ.

Content Highlight: Malayali women participate with piano in queensland music festival