മെല്‍ബണ്‍: മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ തന്റെ  ഓസ്ട്രേലിയ ശ്ലൈഹീക സന്ദര്‍ശന മധ്യേ മെല്‍ബണ്‍ പ്രദേശത്തുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളികളുടെ കീഴിലുള്ളതും യാക്കോബായ സഭയുടെയും ക്‌നാനായ സഭയുടെയും പള്ളികളുടെ കീഴിലുള്ളതുമായ ആത്മീയ മക്കളെ സന്ദര്‍ശിക്കുന്നതിനായി മെല്‍ബണിലെത്തി.  സഭകളിലെ വൈദീകരും ഇടവകജനങ്ങളും മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
 
പരിശുദ്ധ പിതാവ് വിക്ടോറിയ സംസ്ഥാനത്തെ മെല്‍ബണ്‍ സിറ്റിയിലുള്ള (419 സെന്റര്‍ ഡാന്‍ഡിനോങ്ങ് റോഡ്, ഹെതര്‍ട്ടണ്‍) സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയം സന്ദര്‍ശിക്കുന്നതിനായി നവംബര്‍ 11 ന്  11 മണിക്ക് എത്തിച്ചേരുമ്പോള്‍ ഈ പള്ളിയും, കൂടാതെ സെന്റ് മേരിസ് ഫ്രാങ്ക്സ്റ്റന്‍, സെന്റ് മേരിസ് ഷെപ്പെര്‍ട്ടന്‍, സെന്റ് തോമസ് ക്രേഗീബണ്‍, സെന്റ് പീറ്റര്‍സ് ക്‌നാനായ ഹൈഡല്‍ബര്‍ഗ് എന്നീ ഇടവകകളും സംയുക്തമായി ഒരു വന്‍ സ്വീകരണമാണ് നല്‍കുന്നത്. കുരുത്തോലകള്‍, കൊടികള്‍, മുത്തുക്കുടകള്‍ കുരിശുകള്‍ തുടങ്ങി തനി കേരളീയ തനിമയില്‍ വൈദീകരും ജനങ്ങളും ഒത്തൊരുമിച്ചു ഹൃദ്യമായി ആലപിക്കുന്ന തോബ് ശ്ലോമോ ഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ ഇടയശ്രേഷ്ഠനും മഹാപുരോഹിതനുമായ പരിശുദ്ധ പിതാവിനെ സ്വീകരിക്കും.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍