മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ 29, 30 തിയതികളില്‍ മെല്‍ബണിലെ മുറൂള്‍ബാര്‍ക്കിലെ ഫൂട്ഹില്‍സ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടക്കും. സെപ്റ്റംബര്‍ 29ന് രാവിലെ 10 മണിയ്ക്ക് പാപ്പുവ ന്യൂഗിനിയയുടെയും സോളമന്‍ ഐലന്‍ഡിന്റെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആരംഭിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവര്‍ ഉള്‍പ്പെടെ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും സഹകാര്‍മ്മികരായി ദിവ്യബലിയില്‍ പങ്കെടുക്കും. സ്വവര്‍ഗ്ഗ വിവാഹം, യുവജന വര്‍ഷം 2018, സേഫ് ഗാര്‍ഡിങ്ങ് ചില്‍ഡ്രന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും നടക്കും. മെല്‍ബണ്‍ അതിരൂപത മാര്യജ് ആന്‍ഡ് ഫാമിലി എപ്പിസ്‌കോപ്പല്‍ വികാരി ഫാ. ടോണി കെറിന്‍, ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.ഡെറില്‍ ഹിഗ്ഗിന്‍സ്, രൂപതയുടെ സാന്‍തോം ട്രസ്റ്റിന്റെ ബോര്‍ഡ് മെംബറും ന്യൂകാസില്‍ സീറോ മലബാര്‍ മിഷന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ മെംബറുമായ ഡോ.സിറിയക് മാത്യു, രൂപത സേഫ് ഗാര്‍ഡിങ്ങ് ടീം അംഗങ്ങളായ ലിസി ട്രീസ, ബെന്നി സെബാസ്റ്റ്യന്‍, രൂപത ഫിനാന്‍ഷ്യന്‍ കൗണ്‍സില്‍ മെമ്പറും രൂപത അക്കൗണ്ടന്റുമായ ആന്റണി ജോസഫ്, ഡാര്‍വിനിലെ മതബോധന വിഭാഗം പ്രധാന അധ്യാപകന്‍ സോജിന്‍ സെബാസ്റ്റ്യന്‍, ലീഡര്‍ഷിപ്പ് കണ്‍സല്‍റ്റന്‍ഡ് ഡോണി പീറ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കും. രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള അത്മായ പ്രതിനിധികളും ഉള്‍പ്പെടെ 50 പേര്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ പങ്കെടുക്കും.

വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍