ബ്രിസ്ബെന്‍: സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്റെ ഓണാഘോഷം തിരുവോണ ദിനമായ ഓഗസ്റ്റ് 25 ന് നടക്കും.

രാവിലെ 9.30 മുതല്‍ വൈകീട്ട് 8.30 വരെ യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം. ഓണാഘോഷത്തിന് മുന്നോടിയായി നടക്കുന്ന കായിക മേള ഓഗസ്റ്റ് 11 ന് നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഇരുന്നൂറ് മീറ്റര്‍ ഓട്ടം, ചാക്കില്‍ ചാട്ടം, കസേരകളി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, പഞ്ചഗുസ്തി, ചീട്ടുകളി തുടങ്ങി വിവിധ പരിപാടികളാണ് കായിക മേളയില്‍ നടക്കുന്നത്.

ഓഗസ്റ്റ് 25 ന് രാവിലെ ഓണാഘോഷം ചലച്ചിത്ര താരം സരയു മോഹന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വടംവലി, കലവറ ബ്രിസ്ബെന്‍ ഒരുക്കുന്ന ഓണസദ്യ എന്നിവക്ക് ശേഷം ഉച്ചക്ക് രണ്ടര മുതല്‍ സണ്‍ഷൈന്‍ കലാകാരന്മാര്‍ ഒരുക്കുന്ന ക്ലാസിക്കല്‍ നൃത്തം, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര കളി, പുലികളി, റിഥം ഓഫ് കേരളയുടെ ചെണ്ടമേളം എന്നിവ അരങ്ങേറും. സരയൂ മോഹന്റെ നേതൃത്വത്തിലുള്ള നൃത്തവിരുന്നും ആഘോഷത്തിന് മാറ്റേകും. മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. അംഗങ്ങള്‍ക്കായി നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് തോംസണ്‍ സ്റ്റീഫന്‍, സെക്രട്ടറി ജോബിഷ് ലൂക്ക, ഖജാന്‍ജി ടി.പി.സാജന്‍മോന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സണ്ണി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.