ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് ന്യൂ സൗത്ത് വെയില്‍സ് ഓസ്‌ട്രേലിയ (OHM NSW) സിഡ്‌നിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കായി വിദ്യാരംഭചടങ്ങുകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 26, തിങ്കളാഴ്ച രാവിലെ 7 മുതല്‍ മിന്റോ ശിവക്ഷേത്രത്തില്‍ വച്ച് വിദ്യാദേവതയായ സരസ്വതിദേവിക്കു മുന്നില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി എഴുത്തിനിരുത്ത് യഥാവിധി ചെയ്യാന്‍ വിപുലമായ സൗകര്യങ്ങള്‍ ഈ വര്‍ഷം ഒരുക്കിയിരുന്നു.
പതിവ് ആഘോഷങ്ങളില്ലാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രക്ഷിതാക്കള്‍ തന്നെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ഹരിശ്രീ എഴുതിച്ചു. ആദ്യം നാവില്‍, പിന്നീട് വിരല്‍കൊണ്ട് അരിയിലും എഴുതി. അരി, പുഷ്പം, പൂജ സാമഗ്രികള്‍ എന്നിവയൊക്കെ ക്ഷേത്രത്തില്‍ നിന്ന് തന്നെ കൊടുത്തു. സര്‍വശ്രീ ശിവ ഷണ്‍മുഖം ഗുരുക്കള്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ആചാരവിധിപ്രകാരം പുസ്തക പൂജയ്ക്കും പ്രാര്‍ഥനയ്ക്കും അവസരം ഒരുക്കിയിരുന്നു. എഴുത്തിനിരുത്ത് പൂര്‍ത്തിയാക്കിയ എല്ലാ ഭക്തര്‍ക്കും പ്രസാദവിതരണവും നടത്തി.