മെല്‍ബണ്‍: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ ചേര്‍ത്തു നിര്‍ത്തി, സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രവണത അപലപനീയമാണെന്ന് സാംസ്‌കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. നവോദയ ഓസ്‌ട്രേലിയയുടെ രണ്ടാം ദേശീയ സമ്മേളനം സൂമില്‍ പങ്കെടുത്തു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

കോവിഡും പ്രളയവുമൊക്കെയായി വിഷമിച്ചപ്പോള്‍ ഓണ്‍ലൈന്‍ പഠന സഹായവും, കിറ്റുകള്‍ വിതരണം ചെയ്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക കൈമാറിയുമൊക്കെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നവോദയ നടത്തിയത്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ ക്യാമ്പയിനുകള്‍ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനാ റിപ്പോര്‍ട്ട് സെക്രട്ടറി സജീവ് കുമാര്‍ അവതരിപ്പിച്ചു. രമേശ് കറുപ്പ്, സൂരി മനു, മോഹനന്‍ കോട്ടക്കല്‍ എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. റോയി വര്‍ഗീസ് അനുശോചന പ്രമേയവും റോയി തോമസ്, നിഷാല്‍ നൗഷാദ്, രാഹുല്‍, അജു ജോണ്‍ എന്നിവര്‍ മറ്റു പ്രമേയങ്ങളും അവതരിപ്പിച്ചു. 

സമ്മേളനത്തില്‍ 24 പേരടങ്ങുന്ന പുതിയ സെന്‍ട്രല്‍ കമ്മിറ്റിയെയും ഏഴ് പേരുള്ള സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സജീവ് കുമാര്‍ (സെക്രട്ടറി) ജോളി ജോര്‍ജ് (ജോ.സെക്രട്ടറി), രമേശ് കുറുപ്പ്, റോയി വര്‍ഗീസ്, അജു ജോണ്‍, എബി പൊയ്ക്കാട്ടില്‍, രാജന്‍ വീട്ടില്‍ എന്നിവരാണ് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍