മെല്‍ബണ്‍: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികം ജൂണ്‍ 27 നു ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു.  വികാരി ഫാ.സാം ബേബി കാര്‍മികത്വം വഹിച്ച വി.കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ''ദൈവനാമത്തില്‍ ചെയ്യുന്ന ഏതൊരു പ്രവത്തിക്കും പ്രതിഫലം ലഭിക്കാതെ പോകയില്ല'' എന്ന് അച്ചന്‍ ഓര്‍പ്പിച്ചു. പള്ളി പുരയിടത്തോടു ചേര്‍ന്നുണ്ടായിരുന്ന 1 ഏക്കര്‍ സ്ഥലം ഇടവക വാങ്ങുകയും കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത ഈ അവസരത്തില്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷാജു സൈമണ്‍ ഈ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചു.   ഇടവകയെ സംബന്ധിച്ച്, ഒരു പതിറ്റാണ്ടോളമായുള്ള സ്വപ്ന സാക്ഷാല്‍കാരത്തിന്റെ സമയം ആണിതെന്ന് സെക്രട്ടറി സഖറിയ ചെറിയാന്‍ തന്റെ നന്ദി പ്രകാശനത്തില്‍ പറഞ്ഞു. ആശീര്‍വാദത്തിനു ശേഷം വികാരി ഫാ.സാം ബേബി, കൈക്കാരന്‍ ലജി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ റിബണ്‍ മുറിച്ചു ഇടവകാംഗങ്ങള്‍ പുതിയ സ്ഥലത്തേക്ക് പ്രവേശിച്ചു.  വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥന യോഗത്തില്‍ മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനി പങ്കെടുക്കുകയും, തന്റെ സന്ദേശത്തില്‍, ''നിഷ്‌കളങ്കതയും നേരും നിറഞ്ഞ ശ്ലീഹന്മാരേപ്പോലെ ആയിത്തീരുവാന്‍ ശ്ലീഹാ നോമ്പ് പ്രാപ്തമാക്കട്ടെ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍