ബ്രിസ്ബേന്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭയുടെ, ബ്രിസ്ബേനിലെ രണ്ടാമത്തെ ദേവാലയമായ സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ പ്രഥമ ബലിയര്‍പ്പണം നടന്നു.  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.സിനു ജേക്കബ് നേതൃത്വം നല്‍കി. വി:കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിന് ഫാ.സിനു ജേക്കബ് അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി കാത്തലിക് പള്ളി വികാരി ഫാ.മൈക്കിള്‍ ഗ്രേസ് മുഖ്യാതിഥിയായിരുന്നു. ഇടവക കണ്‍വീനര്‍ ജിലോ ജോസ് സ്വാഗതം ആശംസിച്ചു. ഇടവക അംഗത്വ ഫോമിന്റെ വിതരണോദ്ഘാടനം സിനു അച്ചന്‍ മോളി സൈമണ് നല്‍കി നിര്‍വഹിച്ചു. ഇടവയ്ക്കു വേണ്ടി  മെത്രാപ്പോലീത്താ ഡോ:യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് തിരുമനസ്സും, ഇടവക വികാരി ഫാ:വറുഗീസ് തോമസ് എന്നിവര്‍ നല്‍കി കൊണ്ടിരിക്കുന്ന ആത്മീയ നേതൃത്വത്തിന് പ്രത്യേകമായ നന്ദിപ്രകാശനവും നടന്നു. തോമസ് ജോണ്‍ ഇടവക രൂപീകരണത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും യോഗത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ബ്രിസ്‌ബെന്‍ സെന്റ്  ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വികാരി ഫാ.ജാക്‌സ് ജേക്കബ് ആശംസകള്‍ നേര്‍ന്നു. ബ്രിസ്‌ബെന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സെക്രട്ടറി  അജോ ജോണ്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവിലെ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ഏകദേശം നൂറ്റി അന്‍പതോളം വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : സ്വരാജ് സെബാസ്റ്റിയന്‍ മാണിക്യത്താന്‍