ബ്രിസ്‌ബെന്‍: ലോക്ക് ഡൗണിനു ശേഷം വിമാന യാത്ര പുനഃരാരംഭിക്കുന്നതിന് മുന്‍പായി വിമാന കമ്പനികളും ഏവിയേഷന്‍ വകുപ്പുകളും വിമാന യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സഹോദരിമാര്‍.

ഓസ്‌ട്രേലിയ ക്യൂന്‍സ് ലാന്‍ഡിലെ വിദ്യാര്‍ത്ഥിനികളായ ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ ആഗ്‌നെസ് ജോയിയും തെരേസ ജോയിയുമാണ് വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അധികൃതരെ ഓര്‍മപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ആവശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍, ആഭ്യന്തര വിമാനത്താവളങ്ങളെ നിയന്ത്രിക്കുന്ന എല്ലാ രാജ്യങ്ങളുടെയും നാഷണല്‍ അതോറിറ്റി ഡയറക്ടര്‍മാര്‍, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍, ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഏവിയേഷന്‍ വകുപ്പ് മേധാവികള്‍ എന്നിവരുടെ ശ്രദ്ധയിലേക്കാണ് നിലവിലെ കോവിഡ്-19 സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആഗോള വ്യോമ മേഖലയിലെ മുഴുവന്‍ വിമാന കമ്പനികളും അടിയന്തരമായി നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

മാറിയ ലോക സാഹചര്യത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന സൂയിസൈഡ് ബോംബ് അറ്റക്കേസ് വൈറസ് വാഹകരായി വിമാനങ്ങളില്‍ കയറിക്കൂടി ലോകം മുഴുവന്‍ വൈറസ് പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ബന്ധമായും എല്ലാ എയര്‍പോര്‍ട്ടുകളിലും പകര്‍ച്ചവ്യാധികള്‍ നിര്‍ണയിക്കുന്നതിനുള്ള രക്ത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും പലതരം അവസ്ഥകളോടെ എത്തുന്ന യാത്രക്കാര്‍ സ്വയമറിയാതെ ഏതെങ്കിലുമൊക്കെ രോഗാണുക്കളെ വഹിച്ചുകൊണ്ടായിരിക്കും യാത്ര ചെയ്യുന്നത്. ഇവരെ മടക്കി അയയക്കാതെ രോഗ വ്യാപനം തടയാനായി ഇത്തരം യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ പ്രത്യേക കാബിന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഓരോ യാത്രയ്ക്ക് മുന്‍പും ശേഷവും വിമാനങ്ങള്‍ അണു വിമുക്തമാക്കണം.

ഒരു വിമാനയാത്രയിലൂടെ മുഴുവന്‍ യാത്രക്കാരിലേക്കും അവര്‍ വഴി വിവിധ രാജ്യങ്ങളിലേക്കും വൈറസ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാല്‍ സീറ്റുകള്‍ തമ്മില്‍ സുരക്ഷിത അകലം ഉറപ്പാക്കുക, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, യാത്രാവേളയില്‍ ഇടവിട്ട് ടോയ്‌ലറ്റ് അണുവിമുക്തമാക്കാന്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇരുവരും മുന്നോട്ട് വെച്ചിട്ടുണ്ട്.

ഐക്യ രാഷ്ട്ര സഭയുടെ അംഗത്വമുള്ള 195 രാജ്യങ്ങളുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ഹൃദിസ്ഥമാണ് ഇരുവര്‍ക്കും. എട്ട് വര്‍ഷം നീണ്ട ഗവേഷണത്തിലൂടെ അര്‍ത്ഥവും ആലാപന ശൈലിയും ആശയവും ഓരോ ദേശീയ ഗാനങ്ങളും എഴുതാനുണ്ടായ സാഹചര്യവും ചരിത്രവും മനസിലാക്കി ലോകത്തിലെ എല്ലാ ദേശീയ ഗാനങ്ങളും മന:പാഠമാക്കി വിവിധ രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ഇവന്റ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന ആഗ്‌നസ് ജോയിയും തെരേസ ജോയിയും ഇവന്റുകളിലൂടെ ലഭിക്കുന്ന പണം ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ക്രമീകരണ പദ്ധതികളിലേക്കും ലോകസമാധാനത്തിനുള്ള ശ്രമങ്ങള്‍ക്കുമായി നല്‍കാനുമാണ് ലക്ഷ്യമിടുന്നത്.

ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ എഴുത്തുകാരനും സംവിധായകനുമായ ജോയ്.കെ.മാത്യുവിന്റെയും ക്യൂന്‍സ് ലാന്‍ഡില്‍ നഴ്സായ ജാക്വിലിന്റെയും മക്കളാണ്. ദേശീയ ഗാനാലാപനത്തിലൂടെ ലോക സമാധാനവും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ക്യൂന്‍സ് ലാന്‍ഡിലെ ഗ്രിഫിത് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ക്രിമിനോളജി ആന്‍ഡ് സൈക്കോളജി വിദ്യാര്‍ഥിനിയാണ് തെരേസ. കാലംവെയില്‍ കമ്മ്യൂണിറ്റി കോളേജിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആഗ്നസ്.