മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആദരിച്ചു. സഭക്ക് നല്‍കിയ സമഗ്രമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് ചാപ്ലിയന്‍ ഓഫ് ഹിസ് ഹോളിനെസ് എന്ന വിഭാഗത്തിലെ മോണ്‍സിഞ്ഞോര്‍ പദവി നല്കിയിരിക്കുന്നത്. സഭക്കും പ്രത്യേകിച്ച് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്കും വേണ്ടി അച്ചന്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ സേവനങ്ങളുടെ പശ്ചാത്തലത്തില്‍, മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് പരിശുദ്ധ പിതാവ്, ഫ്രാന്‍സിസ് കോലഞ്ചേരി അച്ചന് മോണ്‍സിഞ്ഞോര്‍ പദവി നല്കിയിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ മാണിക്യമംഗലം ഇടവകാഗംമായ ഫാ.ഫ്രാന്‍സിസ് പരേതരായ കോലഞ്ചേരി വറിയതിന്റെയും മേരിയുടെയും ഇളയമകനാണ്. തൃക്കാക്കര സേക്രട്ട് ഹാര്‍ട്ട് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് മേജര്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കിയ അച്ചന്‍ 1979 ഡിസംബര്‍ 22നാണ് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് വൈദിക പട്ടം സ്വീകരിക്കുന്നത്. 

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ ദുക്റാന തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ക്കും റാസ കുര്‍ബാനക്കും ശേഷം നടന്ന ലളിതമായ ചടങ്ങില്‍ കത്തീഡ്രല്‍ വികാരിയും രൂപത കണ്‍സല്‍റ്റേഴ്സ് മെമ്പറും എപ്പിസ്‌കോപ്പല്‍ വികാരിയുമായ ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍ സ്വാഗതം ആശംസിച്ചു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിയെ മോണ്‍സിഞ്ഞോര്‍ പദവിയുടെ ചിഹ്നമായ ചുവപ്പു നിറത്തിലുള്ള അരപ്പട്ട അണിയിക്കുകയും നിയമനപത്രം നല്കുകയും ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷം വികാരി ജനറാള്‍ എന്ന നിലയില്‍ ശ്രദ്ധാര്‍ഹമായ സേവനങ്ങളായിരുന്ന് ഫ്രാന്‍സിസ് അച്ചന്‍ രൂപതക്ക് നല്കിയത് എന്ന് അച്ചനെ അഭിനന്ദിച്ചുകൊണ്ട് പിതാവ് പറഞ്ഞു. ഹ്യൂം കൗണ്‍സില്‍ മേയറും മെല്‍ബണ്‍ അസ്സിറിയന്‍ ചര്‍ച്ച് ഓഫ് ദ് ഈസ്റ്റ് സഭാംഗവുമായ മേയര്‍ ജോസഫ് ഹവീല്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കഴിഞ്ഞ 41 വര്‍ഷം ഈശോയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള ഒരു വൈദിക ജീവിതം നയിക്കാന്‍ തന്നെ അനുഗ്രഹിച്ച ദൈവത്തോടും മോണ്‍സിഞ്ഞോര്‍ പദവിക്കായി പരിശുദ്ധ പിതാവിനോട് അഭ്യര്‍ത്ഥിച്ച ബോസ്‌കോ പിതാവിനോടും നന്ദി പറയുന്നുവെന്ന് ആശംസകള്‍ക്ക് കൃതഞ്ജത രേഖപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് അച്ചന്‍ പറഞ്ഞു. മെല്‍ബണ്‍ രൂപതയില്‍ തന്നോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ വൈദികരെയും, രൂപതയിലെ വിശ്വാസി സമൂഹത്തെയും, എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹുമാനപ്പെട്ട പിതാക്കന്മാരെയും വൈദികരെയും, നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ഈ പദവി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്ക് ലഭിച്ച അംഗീകാരമാണെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസജീവിതത്തില്‍ തന്നെ ഒത്തിരി സഹായിച്ചിട്ടുള്ളപരേതരായ തന്റെമാതാപിതാക്കള്‍ക്കും നാട്ടിലുള്ള സഹോദരങ്ങള്‍ക്കും അച്ചന്‍ നന്ദി അറിയിച്ചു. കത്തീഡ്രല്‍ ഇടവക എസ്.എം.വൈ.എം കോര്‍ഡിനേറ്റര്‍ മെറിന്‍ എബ്രഹാം ഫ്രാന്‍സിസ് അച്ചനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം വായിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, കത്തീഡ്രല്‍ ഇടവക കൈക്കാരാന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ് എന്നിവര്‍ ചേര്‍ന്ന് അച്ചന് ബൊക്കെ നല്കി ആദരിച്ചു.

വാര്‍ത്തയും ഫോട്ടോയും : പോള്‍ സെബാസ്റ്റ്യന്‍