മെല്‍ബണ്‍: അരങ്ങില്‍ ആവേശമായി ആവിഷ്‌കരിച്ച 'സൈക്കിള്‍' ആസ്വാദക മനസുകളിലേക്കു ഹൃദ്യാനുഭവങ്ങളുമായി ഓടിക്കയറി. ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ 'എന്റെ  കേരള'ത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവാതിര തിയേറ്റേഴ്സാണ്് 'സൈക്കിള്‍' എന്ന നാടകം അവതരിപ്പിച്ചത്.

നാടകത്തിന്റെ  അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചതു മെല്‍ബണിലെ മലയാളി കലാകാരന്‍മാരാണ്. നാടകത്തിന്റെ  രചനയും സംവിധാനവും നിര്‍വഹിച്ചത് ജോജി ജോസഫ് പാലാട്ടിയാണ്.

രണ്ടു പേരുടെ ബാല്യകാലാനുഭവങ്ങളിലൂടെയാണു നാടകം ആരംഭിക്കുന്നത്. നാടകത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആട്ടക്കാരിയായി അപര്‍ണയും അമ്മയായി ജിഷയും ആട്ടക്കാരനായി നിജോ കുര്യനും മികച്ച അഭിനയം കാഴ്ചവച്ചു. ഷാരോണ്‍ ജോളി ആചാര്യന്റെ  വേഷം മനോഹരമാക്കി. അഭിഷ്, മാത്യു ചെറിയാന്‍ എന്നിവരും വിവിധ കഥാപാത്രങ്ങള്‍ക്കു വേഷമിട്ടു.

നൂതന സാങ്കേതിക വിദ്യകളുടെ സമന്വയം നാടകത്തെ മികച്ച നിലവാരത്തിലേക്കുയര്‍ത്താന്‍ സഹായകമായി. വിജോ, ബിബിന്‍, ആല്‍ബിന്‍ എന്നിവര്‍ ഗ്രാഫിക്സ് വിഭാഗം കൈകാര്യം ചെയ്തു. മ്യൂസിക്കും റെക്കോര്‍ഡിംഗും ഷിജോയും മേക്കപ്പ് ബെന്നിയും ഓഫീസ് നിര്‍വഹണം ജൈബിയും നിര്‍വഹിച്ചു.  'എന്റെ കേരള' ത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവാതിര തിയേറ്റേഴ്സ് നാലാം തവണയാണ് മെല്‍ബണില്‍ നാടകം അവതരിപ്പിക്കുന്നത്. കുഴിമടിയന്‍, പാളങ്ങള്‍, മാനിഷാദ എന്നീ നാടകങ്ങളും ശ്രദ്ധേയമായിരുന്നു.