പെര്‍ത്ത്: മലയാളി കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ നവാഗത എഴുത്തുകാര്‍ക്കായുള്ള പ്രഥമ സാഹിത്യശ്രേഷ്ഠ പുരസ്‌കാരം അഡ്വക്കേറ്റ് ഡോ.കെ.സി.സുരേഷിന് സമ്മാനിച്ചു. പെര്‍ത്തില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മലയാളത്തിന്റെ പ്രിയകവി മുരുകന്‍ കാട്ടാക്കടയാണ് പുരസ്‌കാരം സമ്മാനിച്ചത്.  മൂവാറ്റുപുഴ സ്വദേശിയായ ഡോ.സുരേഷിന്റെ 'ശിഖരങ്ങള്‍ തേടുന്ന വവ്വാലുകള്‍ എന്ന ചെറുകഥയും, കാവുതീണ്ടുന്ന കരിമ്പനകള്‍ എന്ന സാഹിത്യ സൃഷ്ടിയുമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും വിരമിച്ച കെ.സി.സുരേഷ് ഇപ്പോള്‍ കേരളാ ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തുവരികയാണ്. സാഹിത്യ വാസനക്കൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ഡോ.സുരേഷ് മുവാറ്റുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രസിദ്ധമായ മൂവാറ്റുപുഴ ഏന്‍ജല്‍ വോയിസ് എന്ന ഗാനമേള ട്രോപ്പിലെ ഗായകന്‍ കൂടിയായിരുന്നു ഗ്രന്ഥകര്‍ത്താവ്. വാല്മീകി ബുക്‌സ് എന്ന ഓണ്‍ലൈന്‍ ബുക്ക്‌സ് പോര്‍ട്ടലില്‍ 12 ഓളം രചനകള്‍ സുരേഷിന്റേതായുണ്ട്. 

ഓസ്ട്രേലിയയില്‍ നിന്നും ആദ്യം പ്രസിദ്ധീകരിച്ച മലയാളം നോവലിന്റെ രചയിതാവായ അഡലൈഡ് സ്വദേശി അനില്‍ കോനാട്ടിനെയും, പെര്‍ത്തിലെ കലാ സാംസ്‌കാരിക മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിവരുന്ന ചാണ്ടി മാത്യു (കഥ, നാടകം) റ്റിജു ജോര്‍ജ് സഖറിയ (ചെറുകഥാ,സാഹിത്യം) അഭിലാഷ് നാഥ് (സിനിമ) അനിത് ആന്റണി (ഷോര്‍ട്ട് ഫിലിം) എന്നിവരെയും  ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ റ്റിജു ജോര്‍ജ് സഖറിയയുടെ അധ്യക്ഷതയില്‍ പെര്‍ത്ത് ഫോറെസ്റ്റഡയില്‍ ഹാളില്‍ നടന്ന സാഹിത്യസമ്മേളനത്തില്‍ വര്‍ഗീസ്‌കുട്ടി, ആല്‍ഡണ്‍, ശിവാനി സിന്‍ജോ, ദിവ്യ ഷിജു എന്നിവര്‍ കവിതകള്‍ ആലപിച്ചു. സോളമന്‍ ജേക്കബ്, സുബാഷ് മങ്ങാട്ട്, സുരേഷ് വാസുദേവന്‍, ആദര്‍ശ് കാര്‍ത്തികേയന്‍, ബിന്ദുഷിബു, എന്നിവര്‍ സംസാരിച്ചു.