മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തിങ്കളാഴ്ച്ചയാണ് പുറപ്പെടുവിച്ചത്. സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ്  ഒരുക്കിയിട്ടുള്ളത്. അവധി ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയേക്ക് എത്താനിടയുള്ള സന്ദര്‍ശകരെ ലക്ഷ്യം വച്ചാണ് പുതിയ പരിഷ്‌കരണം. 

ഇതിലൂടെ ടൂറിസം രംഗത്തിന് ഉണര്‍വ്വുണ്ടാക്കാനാണ് ഓസ്‌ട്രേലിയ ലക്ഷ്യം ഇടുന്നത്. ജൂലൈ ഒന്നുമുതലാണ് ഓണ്‍ലൈന്‍ മുഖേന വിസയ്ക്ക് അപേക്ഷിക്കാനാകുക. ഈ വര്‍ഷത്തിലെ ആദ്യനാലുമാസങ്ങളില്‍ മാത്രം  65,000 സന്ദര്‍ശക വിസകളുടെ അപേക്ഷകള്‍ക്കാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

എല്ലാ ദിവസവും 24 മണിക്കൂറും ഓണ്‍ലൈന്‍ മുഖേന വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിസ ആപ്ലിക്കേഷനോടൊപ്പം തന്നെ ഇലക്ടോണിക്ക് പെയ്‌മെന്റ് വഴി വിസയ്ക്കുള്ള ഫീസ് അടയ്ക്കാനുള്ള സംവിധാനവുമുണ്ട്. അപേക്ഷയുടെ പുരോഗതി പരിശോധിയ്ക്കാനുള്ള ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.