അഡലൈഡ്: സെന്റ് ഗ്രിഗോറിയോസ്  ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുഴുവന്‍ സമയ വികാരിയായി ഫാ.അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമനസ്സ് കൊണ്ട് നിയമിച്ചു. 2007 മുതല്‍ മെല്‍ബണില്‍ നിന്നും വൈദികര്‍ എത്തി ആരാധനക്ക് നേതൃത്വം നല്‍കുകയും ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത് വികാരിമാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വികാരിയായി നിയമിതനായ റവ. ഫാ. അനിഷ് കെ. സാമിന് അഡലൈഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഇടവക ജനങ്ങള്‍ ഊഷ്മളമായ സ്വീകരണം നല്‍കി സ്വീകരിച്ചു.

അയര്‍ലന്‍ഡിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൂന്ന് വര്‍ഷം വികാരിയായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഫാ.അനിഷ് കെ. സാം ഓസ്ട്രേലിയായിലെ അഡലൈഡ് പള്ളിയിലെ വികാരിയായി നിയമിതനായത്.

ഫാ. അനീഷ് കെ സാം പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇടവകയുടെ ഓണാഘോഷ പരിപാടികള്‍ അന്നേ ദിവസം ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. കലാപരിപാടികള്‍, ഓണക്കളികള്‍, വടംവലി മത്സരം, ഓണസദ്യ എന്നിവ നടത്തപ്പെട്ടു. കൈക്കാരന്‍ ബിജു കുറിയാക്കോസ്, സെക്രട്ടറി ജോഷി ആന്‍ഡ്രൂസ്, ഓണപ്രോഗ്രാം കണ്‍വീനര്‍ ജിജി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.