Oct 16, 2021

കന്നഡ നടനും മനുഷ്യാവകാശ പ്രവർത്തകനുമായ ജി.കെ. ഗോവിന്ദ റാവു അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും അധ്യാപകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രൊഫ. ജി.കെ. ഗോവിന്ദ റാവു (84) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഹുബ്ബള്ളിയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.

കന്നഡ നാടകരംഗത്തെ പ്രമുഖനാണ് ജി.കെ. ഗോവിന്ദറാവു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ഗിരീഷ് കർണാടിന്റെ തുഗ്ളക്ക് നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. യു.ആർ. അനന്തമൂർത്തിയുടെ സംസ്കാര നോവലിന്റെ നാടക രൂപാന്തരമൊരുക്കി. ബി.വി. കാരന്തിന്റെ സംവിധാനത്തിൽ അദ്ദേഹം അവതരിപ്പിച്ച ഈഡിപ്പസ് ശ്രദ്ധപിടിച്ചുപറ്റി. ഷേക്‌സ്പിയർ സംവാദ എന്ന പുസ്തകവും ഷേക്‌സ്പിയർ നാടകങ്ങളെപ്പറ്റിയുള്ള വിമർശനഗ്രന്ഥവും രചിച്ചു. നടൻ പ്രകാശ് രാജ് അദ്ദേഹത്തിന്റെ ശിഷ്യനാണ്. നാടകരംഗത്തുനിന്നാണ് സിനിമയിലെത്തിയത്. ശാസ്ത്രി, മിഥിലേ സീത, ഗ്രഹണ, കഥാസംഗമ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കന്നഡ ടി.വി. സീരിയലുകളായ മഹാ പർവ, മാൽഗുഡി ഡെയ്‌സ് എന്നിവയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നാടക-സിനിമാ മേഖലകളിൽ പണ്ഡിതനായിരുന്ന ജി.കെ. ഗോവിന്ദറാവുവിനെ നാടക രംഗത്തെപ്പറ്റി ക്ലാസുകൾ കൈകാര്യം ചെയ്യാൻ സർവകലാശാലകൾ ക്ഷണിച്ചിരുന്നു. പുരോഗമന ചിന്തകനായിരുന്ന അദ്ദേഹം ക്ഷേത്രങ്ങളിൽ ബ്രാഹ്മണരുടെ എച്ചിലിലകളിൽ കീഴ്ജാതിക്കാർ കിടന്നുരുളുന്ന ‘മഡേ സ്‌നാന’ എന്ന ആചാരത്തിന്റെ വലിയ വിമർശകനായിരുന്നു.

അന്ധവിശ്വാസങ്ങൾക്കെതിരെ നിരവധി പ്രഭാഷണങ്ങൾ നടത്തി. കന്നഡയിലെ മുഖ്യധാരാ സിനിമയുടെ നിലവാരത്തകർച്ചയെയും വിമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിലപാടകൾക്കെതിരേ സിനിമാ നിർമാതാക്കൾ പ്രതിഷേധമുയർത്തുകയും ചെയ്തിട്ടുണ്ട്. ഈശ്വർ അള്ളാ എന്ന നോവൽ രചിച്ചു. ബി.ജെ.പി.യുടെ നയങ്ങളെ എതിർത്തുവന്ന അദ്ദേഹം 2014-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രചാരണരംഗത്തുവന്നിരുന്നു. ബെംഗളൂരു സെയ്ന്റ് ജോസഫ്‌സ് കോളേജിൽ ദീർഘകാലം അധ്യാപകനായിരുന്നു. ജി.കെ. ഗോവിന്ദറാവുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ തുടങ്ങിയവർ അനുശോചിച്ചു.

Oct 16, 2021

കെ.വി. അജയ് കുമാർ

ചെന്നൈ: കണ്ണൂർ മയ്യിൽ ഗണപതിയടയൻ വീട്ടിൽ അഡ്വ. ജി. രാമചന്ദ്രന്റെയും ഗീതയുടെയും മകൻ കെ.വി. അജയ് കുമാർ (47) ആദമ്പാക്കത്ത് അന്തരിച്ചു. ഭാര്യ: കൊളത്തൂർ മലയാളി സമാജം സ്ഥാപക ചെയർമാൻ പരേതനായ അരവിന്ദാക്ഷന്റെ മകൾ വിജയശ്രീ. സഹോദരി: സിന്ധു.

Oct 16, 2021

അലി

മസ്‌കറ്റ്: പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) സലാലയിൽ അന്തരിച്ചു. 40 വർഷമായി ഗർബിയയിൽ പ്രവാസിയാണ്. ഭാര്യ: ലൈല. മക്കൾ: മിസ്രിയ, മുംതാസ്, മുഹ്‌സിന, മുഹമ്മദ് അൻസിൽ. മരുമക്കൾ: ഹൈദരലി, മുഹമ്മദ് റഫീഖ്. സംസ്കാരം സലാലയിൽ.

Oct 16, 2021

കെ.ജെ. വർഗീസ്

ബെംഗളൂരു: തൃശ്ശൂർ കൂനംമുച്ചി കൊള്ളന്നൂർ കെ.ജെ. വർഗീസ് (61) ബെംഗളൂരു നീലസാന്ദ്രയിൽ അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: വിജു, വിബിൻ, ബിൻസി. മരുമകൻ: ജസ്റ്റിൻ.

Oct 14, 2021

-പുരുഷോത്തമൻ

ബെംഗളൂരു: തൃശ്ശൂർ മുറ്റിച്ചൂർ ആലപ്പുഴ വീട്ടിൽ പുരുഷോത്തമൻ (97) ബെംഗളൂരുവിൽ അന്തരിച്ചു. കൊത്തന്നൂരിലായിരുന്നു താമസം. ഗാന്ധിനഗറിൽ ദീർഘകാലം മെറിലാൻഡ് സ്റ്റോഴ്‌സ് നടത്തിയിരുന്നു. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: വിലാസ ലതിക (റിട്ട. ഏജീസ് ഓഫീസ്, ബെംഗളൂരു), ശശിപ്രഭാ സോമൻ (വയനാട്), പ്രേംകുമാർ (എൻജിനിയർ, ബെംഗളൂരു), പ്രസന്നകുമാർ (ബിസിനസ്, ഗുരുവായൂർ), സുനിതി സുരേഷ് ബാബു (കോറമംഗല), പ്രമോദ് കുമാർ (ബിസിനസ്, കൊത്തന്നൂർ). മരുമക്കൾ: പരേതനായ ശങ്കരൻകുട്ടി, സോമൻ, ശോഭ, ശ്യാമള, സുരേഷ് ബാബു, ധന്യ.

Oct 13, 2021

കെ. സുരേന്ദ്രൻ

ചെന്നൈ: കണ്ണൂർ അടുത്തില കുപ്പാടക്കത്ത് വീട്ടിൽ കണ്ണൻ നമ്പ്യാരുടെയും പിലാത്തറ കുഞ്ഞങ്ങാട് കമലാക്ഷി അമ്മയുടെയും മകൻ കെ. സുരേന്ദ്രൻ (52) കൊളത്തൂരിലെ വീട്ടിൽ അന്തരിച്ചു. അപെക്സ് ഫാർമ സീനിയർ മാനേജരായിരുന്നു. ഭാര്യ: ശാലിനി (ദക്ഷിണ റെയിൽവേ). മക്കൾ: ശ്രേയ, ശ്രദ്ധ.

SHOW MORE