കൊളംബോ: ശ്രീ നാരായണ ഗുരു സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊളംബോയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കുന്നു.

ശ്രീനാരായണ ഗുരു ജംക്ഷന്‍, കൊളംബോ - 14 ലെ ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ മലയാളി ഹാളില്‍ ഒക്ടോബര്‍ 22 ന് ഞായറാഴ്ചയാണ്  നാരായണ ഗുരുവിന്റെ 163-ാമത് ജയന്തി ആഘോഷള്‍ നടക്കുന്നത്.

ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സമ്മേളന ഹാളിനു ചുറ്റുമുള്ള തെരുവുകള്‍ മഞ്ഞപ്പതാകകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിക്കും. സമ്മേളനത്തിന് മുമ്പും ശേഷവുമുള്ള നിരവധി രാത്രികള്‍ എസ്.എന്‍.ജി മെമ്മോറിയല്‍ ഹാളും പരിസരവും  വൈദ്യത ദീപാലങ്കാരങ്ങളാല്‍ പ്രകാശപൂരിതമായിരിക്കും.

ക്ഷേത്രത്തിലെ പ്രഭാത പ്രാര്‍ഥനകള്‍ക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ സമുദായ സേവനം നടത്തുന്ന വിശിഷ്ടാംഗങ്ങളെ അനുമോദിക്കല്‍, പാവപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണം, എല്ലാ സമുദായത്തിലുംപെട്ട അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയുടെ  വിതരണം, ഭിന്ന ശേഷിക്കാരായ സഹോദരങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സഹായകമാകുന്ന ഉപകരണങ്ങള്‍, വീല്‍ ചെയര്‍ മുതലായവയുടെ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

 ശ്രീലങ്കന്‍ ദേശീയ സഹകരണ, സംഭാഷണ, ഔദ്യോഗിക ഭാഷാ മന്ത്രി  മാനോ ഗണേശന്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരിക്കും.  

ശ്രീലങ്കയില്‍ ന്യൂനപക്ഷങ്ങളില്‍  ന്യൂനപക്ഷമാണ് മലയാളികള്‍. എങ്കിലും ശ്രീദേവന്റെ പ്രഭാഷങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും അനുസൃതമായി സമൂഹത്തിനു ഗുണകരമായ പല നല്ല പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ ഈ കൂട്ടായ്മക്ക് എന്നും സാധിച്ചിട്ടുണ്ട് എന്ന് ശ്രീ നാരായണ ഗുരു സമൂഹത്തിന്റെ പ്രസിഡന്റ് എം കെ രാഹുലന്‍ അറിയിച്ചു.