കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു. ഡിസംബര്‍ 25 ന്(ഞായര്‍) വൈകുന്നേരം നാലുമണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. യൂത്ത്‌കൊയറിന്റെ ഭക്തിനിര്‍ഭരമായ ഗാനാലാപനം ദിവ്യബലിയെ സജീവമാക്കി. ഫാ. ചാള്‍സ്(ചെന്നൈ), ജിം ജോര്‍ജ് വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, ജോയി കാടന്‍കാവില്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി.
തുടര്‍ന്ന് പാരീഷ് ഹാളില്‍ മധുരം പങ്കുവെയ്ക്കലും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കൊച്ചുകുരുന്നുകള്‍ അവതരിപ്പിച്ച നേറ്റിവിറ്റിപ്‌ളേ, യംഗ് ഫാമിലി ടീം അവതരിപ്പിച്ച കരോള്‍ ഗാനം, ഗെസാങ് ഗ്രൂപ്പിന്റെ സംഘഗാനം, ആണ്‍കുട്ടികളുടെ ബ്രേക്ക് ഡാന്‍സ്, ഇഷാനി, മായ, നേഹ, അഡോണ, പ്രാര്‍ത്ഥന എന്നിവരുടെ ബോളിവുഡ് നൃത്തം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ക്രിസ്മസ് പപ്പയായി വേഷമിട്ട തോമസ് അറമ്പന്‍കുടി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഹാനോ മൂര്‍ നേതൃത്വം നല്‍കി നടത്തിയ തംബോലയില്‍ വിജയികളായവര്‍ക്കും, പരിപാടിയില്‍ പങ്കെടുത്ത കുരുന്നുകള്‍ക്കും ഇഗ്‌നേഷ്യസച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജോസ്‌ന വെമ്പാനിയ്ക്കല്‍, സോള്‍ജി പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്തത്.ഇഗ്‌നേഷ്യസച്ചന്‍ സ്വാഗതവും കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ഷീബ കല്ലറയ്ക്കല്‍, തോമസ് അറമ്പന്‍കുടി, ആന്റു സഖറിയാ, സൂസി കോലത്ത് എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ നടത്തി.
കമ്യൂണിറ്റിയിലെ ബോഹും, ഹോള്‍വൈഡെ, ലിങ്ക്‌സ്‌റൈനിഷ്, ഡ്യൂസ്സല്‍ഡോര്‍ഫ്, ബോണ്‍, ഡൂയീസ്ബുര്‍ഗ്, മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ്, ബെര്‍ഗിഷസ്‌ലാന്റ്, എര്‍ഫ്റ്റ്‌ക്രൈസ് എന്നീ ഒന്‍പത് കുടുംബ കൂട്ടായ്മകളില്‍ ആഗമനകാലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.
ജോസ് കുമ്പിളുവേലില്‍