കൊവെന്‍ട്രി: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ നാലാം പതിപ്പ് 2021 ഡിസംബര്‍ 11 ശനിയാഴ്ച കവന്‍ട്രിയില്‍ വച്ചു നടത്തപ്പെടുന്നു. കവെന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാനമത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടേയും ഒത്തുചേരലിനു വേദിയാകും. പരിപാടിയില്‍ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. 

കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. 

ഓണ്‍ലൈനില്‍ സംഘടിപ്പിച്ച യുകെ ക്രിസ്ത്യന്‍ ഡിവോഷണല്‍ സിംഗിംഗ് കോണ്‍ടെസ്റ്റിലെ മൂന്നു ക്യാറ്റഗറികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകള്‍ക്കായി നടത്തപ്പെടുന്ന ഗ്രാന്‍ഡ് ഫിനാലെയും ഇതോടൊപ്പം നടക്കും. വിജയികള്‍ക്ക് സ്‌പെഷ്യല്‍ അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ വര്‍ഷത്തെ 'ജോയ് ടു ദി വേള്‍ഡ്' സംഘടിപ്പിക്കപ്പെടുന്നത്. ജോയ് ടു ദി വേള്‍ഡിന്റെ മൂന്നാം പതിപ്പില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനഞ്ചു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് മിഡ്‌ലാന്‍ഡ്‌സ് ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് ഗായകസംഘം ആയിരുന്നു. ബ്രിസ്റ്റോള്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍, ഹെവന്‍ലി വോയ്സ് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

കൂടുതല്‍ ക്വയര്‍ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും, ചര്‍ച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള ഗായക സംഘങ്ങള്‍ രജിസ്‌ട്രേഷനായി താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്‌ട്രേഷനുള്ള അവസാനതീയതി നവംബര്‍ 7 ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07958236786  / 07828456564  /  07500058024 

വാര്‍ത്തയും ഫോട്ടോയും : ജോഷി സിറിയക്